തിരുവനന്തപുരം: സംസ്ഥാനത്തെ 93 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 6.07 ലക്ഷം പേർക്ക് മാത്രം ഇത്തവണ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭാ തീരുമാനം. ഇതിൽ 5,87,691 പേർ മഞ്ഞകാർഡ് (അന്ത്യോദയ അന്നയോജന -എ.എ.വൈ) കാർഡ് ഉടമകളും 20,000 പേർ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുമാണ്. റേഷൻ കടകൾ വഴിയായിരിക്കും കിറ്റ് വിതരണം ചെയ്യുക. കിറ്റ് നൽകാൻ 32 കോടി രൂപ മുൻകൂറായി സപ്ലൈകോക്ക് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയതായിരിക്കും കിറ്റ്.
കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ധനമന്ത്രി കെ.എൻ. ബാലഗോപാലും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മന്ത്രിസഭയിൽ ധാരണയാകാത്ത സാഹചര്യത്തിൽ, ഇരുമന്ത്രിമാരും ഒന്നിച്ചിരുന്ന് കിറ്റിലെ സാധനങ്ങളുടെ പട്ടികയും ആവശ്യമായ തുകയും തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മന്ത്രിസഭാ യോഗശേഷം ഇരുമന്ത്രിമാരും ധനമന്ത്രിയുടെ ഓഫിസിൽ ഒരു മണിക്കൂറിലേറെ ചർച്ച നടത്തിയാണ് 14 ഇനങ്ങളുടെ അന്തിമപട്ടിക തയാറാക്കുകയും 32 കോടി രൂപ മുൻകൂറായി അനുവദിക്കാനും തീരുമാനിച്ചത്.
കഴിഞ്ഞ ഓണക്കാലം വരെ മുഴുവൻ കാർഡ് ഉടമകൾക്കുമായി നൽകിയിരുന്ന കിറ്റുകളാണ് ഇത്തവണ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏഴു ശതമാനത്തിൽ താഴെ കാർഡുടമകൾക്കാക്കി ചുരുക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് 87 ലക്ഷത്തിലേറെ കാർഡ് ഉടമകൾക്ക് കിറ്റ് നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, കോവിഡ് പ്രതിസന്ധി നേരിടാൻ 2020 മേയ് മുതൽ ഇതുവരെ 13 തവണയായി 12 കോടിയോളം ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും കിറ്റ് നൽകേണ്ടതില്ലെന്നും മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കും മാത്രം നൽകിയാൽ മതിയെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് ശിപാർശ ചെയ്തിരുന്നു. സഞ്ചി ഉൾപ്പെടെ 13 ഇനങ്ങളാണ് ശിപാർശയിൽ ഉണ്ടായിരുന്നത്. ഇതിൽ 14ാമതായി കശുവണ്ടിപ്പരിപ്പ് കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കുകയായിരുന്നു. കഴിഞ്ഞ വർഷം കിറ്റിൽ ഉണ്ടായിരുന്ന പഞ്ചസാര (ഒരു കിലോ), ഉണക്കലരി (500 ഗ്രാം), ശർക്കരവരട്ടി, ഏലക്ക എന്നിവ ഇത്തവണ ഇല്ല. പകരം സേമിയ പായസം മിക്സ്, സാമ്പാർ പൊടി, മല്ലിപ്പൊടി, ചെറുപയർ പരിപ്പ് എന്നിവ ഉൾപ്പെടുത്തി. കഴിഞ്ഞ തവണയും സഞ്ചി ഉൾപ്പെടെ 14 സാധനങ്ങളാണ് നൽകിയത്.
കഴിഞ്ഞ തവണ ശർക്കരവരട്ടി ആവശ്യത്തിനു ലഭിക്കാതെ വന്നതോടെ പിന്നീട് ചിപ്സാണ് നൽകിയത്. വിതരണം എന്നു തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ ഓണത്തിന് 16 ദിവസം മുമ്പ് വിതരണം ആരംഭിച്ചിരുന്നു.
●1. തേയില (ശബരി) 100 ഗ്രാം
●2. ചെറുപയർ പരിപ്പ് 250 ഗ്രാം
●3. സേമിയ പായസം മിക്സ്
(മിൽമ) 250 ഗ്രാം
●4. നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
●5. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
●6. വെളിച്ചെണ്ണ (ശബരി) അര ലിറ്റർ
●7. സാമ്പാർപൊടി (ശബരി) 100 ഗ്രാം
●8. മല്ലിപ്പൊടി 100 ഗ്രാം
●9. മുളകുപൊടി (ശബരി) 100 ഗ്രാം
●10. മഞ്ഞൾപ്പൊടി (ശബരി) 100 ഗ്രാം
●11. തുവരപ്പരിപ്പ് 250 ഗ്രാം
●12. ചെറുപയർ 500 ഗ്രാം
●13. പൊടി ഉപ്പ് ഒരു കിലോഗ്രാം
●14. തുണി സഞ്ചി ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.