കണ്ണൂർ: ചികിത്സയുടെയും സംവിധാനങ്ങളുടെയും അപര്യാപ്തതകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടും ഏറെ ദുരിതമനുഭവിക്കുന്ന രക്തജന്യ രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സ. രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം.
തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്ത രോഗികളുടെ മെച്ചപ്പെട്ട സൗജന്യ ചികിത്സക്കും വിദഗ്ധ ചികിത്സ കേന്ദ്രങ്ങൾ തുടങ്ങുന്നതിനും സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, ആലുവ ജില്ല ആശുപത്രി, മാനന്തവാടി ജില്ല ആശുപത്രി എന്നീ നാല് സ്ഥലങ്ങളിലാണ് പ്രത്യേക ചികിത്സ കേന്ദ്രങ്ങൾ തുടങ്ങുക. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ രോഗികൾക്ക് ചികിത്സ സമ്പൂർണമായും സൗജന്യമായിരിക്കും.
കൂടാതെ, എല്ലാ ജില്ലകളിലും ഹീമോഫീലിയ ട്രീറ്റ്മെൻറ് സെൻററും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഏർപ്പെടുത്തും. തലാസീമിയ, സിക്കിൾ സെൽ അനീമിയ രോഗങ്ങളോടെയുള്ള ശിശുജനനങ്ങൾ സമ്പൂർണമായും തടയാനും ഹീമോഫീലിയ രോഗം നിയന്ത്രണ വിധേയമാക്കാനും നടപടിയുണ്ടാവും.
പ്രായഭേദെമന്യേ ജീവൻ രക്ഷാമരുന്നുകളും ബ്ലഡ് ഫിൽറ്റർ സെറ്റുകളും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ദേശീയാരോഗ്യ ദൗത്യത്തിൻ കീഴിൽ സ്േറ്ററ്റ് ബ്ലഡ് സെൽ ആണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റി ഇതിനുണ്ടാകും.
പദ്ധതിയുടെ ഗുണഫലം എല്ലാ ജില്ലകളിലേക്കും എത്തിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കേരള ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി പറഞ്ഞു. കണ്ണൂർ ജില്ലയിൽ കൗൺസിൽ നടത്തിയ അന്വേഷണത്തിൽ മൊത്തം 35 തലാസീമിയ രോഗികളെയാണ് കണ്ടെത്താനായത്.
ഇവരുടെ വിവരങ്ങൾ ശേഖരിച്ച് കണ്ണൂർ ജില്ല ആശുപത്രിയിലെ നോഡൽ ഓഫിസർ ഡോ. ലതക്ക് കൈമാറിയിട്ടുണ്ട്്. കൗൺസിൽ കോഒാഡിനേറ്റർമാരായ എം.കെ. സജ്ന, എം.വി. അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിലെ രോഗികളുടെ വിവരങ്ങൾ ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.