കൊച്ചി: മോൺസണിെൻറ വീട്ടിലെ നിത്യസന്ദർശകരിൽ ഡി.ഐ.ജി മുതൽ അസി. കമീഷണറും എസ്.ഐയും വരെയുണ്ട്. മോൺസണെതിരെ തട്ടിപ്പിനിരയായവർ തിരിഞ്ഞപ്പോൾ അവരെ ഒതുക്കാൻ ഉപയോഗിച്ചത് ഈ ബന്ധങ്ങൾ. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തട്ടിപ്പിനിരയായ ആറുപേർ പരാതി നൽകിയിരിക്കുന്നത്. കോടിപതിയുടെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ നിത്യസന്ദർശകർക്കെതിരെയും അന്വേഷണം വന്നേക്കും. തട്ടിപ്പിനിരയായവർ പണത്തിന് സമീപിക്കുമ്പോൾ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും.
അതിൽ ഡി.ഐ.ജി, അസി. കമീഷണർ, സി.ഐ, എസ്.ഐ എന്നിങ്ങനെ നിരവധി പേരുണ്ട്. ചിലരുടെ പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഈ പൊലീസ് വൃന്ദമാണത്രെ മോൺസണിനുേവണ്ടി നിരന്തരം കേസുകളിൽ ഇടപെട്ടുകൊണ്ടിരുന്നത്. മോൺസണിെൻറ ആഡംബര ജീവിതത്തിന് ആയുസ്സ് നീട്ടിക്കൊടുത്തതും ഇവർതന്നെ. ഡി.ഐ.ജിയുടെ വാഹനം പലപ്പോഴും ദിവസംമുഴുവൻ ഇയാളുടെ വീട്ടിൽ ഉണ്ടാകാറുണ്ടത്രെ. പണം കൈമാറാനായി വിശ്വസിപ്പിക്കാൻ ഈ ഡി.ഐ.ജിയും തങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്ന് പരാതിയിലുണ്ട്. മാത്രമല്ല, കോൺഗ്രസിെൻറ സംസ്ഥാനത്തെ സമുന്നത നേതാവായ ഒരു എം.പിയും ഇയാളുടെ വീട്ടിൽ എത്താറുള്ളതായി പറയുന്നു. ഇയാൾ ഇടപെട്ടാണത്രെ ഡൽഹിയിലെ കേസിെൻറ പലതടസ്സങ്ങളും നീക്കിക്കൊടുത്തത്.
ഈ ഉന്നതബന്ധം മനസ്സിലാക്കിയ പരാതിക്കാർ നേരിട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിച്ചതോടെയാണ് മോൺസണിെൻറ നീക്കം പാളിയത്. ഈ പരാതിയിൽ അടിയന്തരപ്രാധാന്യത്തോടെ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്ന നിർദേശത്തോടെ കഴിഞ്ഞ ആറിനാണ് സെൻട്രൽ യൂനിറ്റ് ക്രൈംബ്രാഞ്ചിന് പരാതി കൈമാറിയത്. വഞ്ചിക്കപ്പെെട്ടന്ന് ബോധ്യമായതോടെ പരാതിക്കാർ മോൺസണിെൻറ പശ്ചാത്തലം സംബന്ധിച്ച് വ്യാപക അന്വേഷണം നടത്തിയിരുന്നു. വഞ്ചിക്കപ്പെട്ട നിരവധിപേർ ഇയാൾക്കെതിരെ തെളിവുകളുമായി എത്താമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്, മഞ്ചേരി, തൃശൂർ, വടക്കാഞ്ചേരി സ്വദേശികളാണ് പരാതിക്കാരായ ആറുപേർ.
ആഡംബര കാറുകൾ 12; എല്ലാം കടം
മോൺസൺ ഉപയോഗിക്കുന്ന ആഡംബരകാറുകളിൽ 12എണ്ണം വാങ്ങിയതിെൻറ പണം ഇനിയും നൽകിയിട്ടില്ലെന്ന് പരാതിക്കാർ. ബംഗളൂരുവിലെ ഒരു ത്യാഗരാജനാണ് ഈ കാറുകൾ മോൺസണ് കൈമാറിയത്. മാത്രമല്ല, ഇയാളുടെ ശേഖരത്തിലെ പലവസ്തുക്കളും സിനിമ ചിത്രീകരണങ്ങൾക്ക് വാടകക്ക് കൊടുത്തിരുന്നവയാണത്രേ.
സ്വന്തമായി പാസ്പോർട്ടുപോലുമില്ല; പേരിന് മുന്നിൽ ഡോക്ടർ
സ്വന്തമായി പാസ്പോർട്ടുപോലും ഇല്ലാതിരുന്നയാൾ പെട്ടെന്നൊരു ദിവസം കോടീശ്വരൻ, രാജ്യങ്ങൾതോറും ബിസിനസ് യാത്രകളുമായി നടക്കുന്ന പ്രമുഖൻ, കൊട്ടാരസമാനമായ വീട്, സഞ്ചരിക്കാൻ ആഡംബര കാറുകൾ, കൈവശം കോടികൾ വിലമതിക്കുന്നതെന്ന് അവകാശപ്പെടുന്ന അമൂല്യ ശേഖരങ്ങൾ, വീടുതന്നെ ഇവയുടെ മ്യൂസിയം. അവിശ്വസനീയ വളർച്ചയായിരുന്നു ഈ തട്ടിപ്പുകാരേൻറത്. ഇടുക്കി രാജക്കാട് രാജകുമാരിയിലാണ് തട്ടിപ്പിന് ആരംഭം കുറിച്ചത്. സെക്കൻഡ് ഹാൻഡ് കാർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ തമിഴ്നാട് അതിർത്തിയിൽ കൊണ്ടുപോയി മറിച്ചുവിൽപനയായിരുന്നു അന്ന് തൊഴിൽ. നിരവധിപേരെ അവിടെവെച്ച് പറ്റിച്ചു.
അവിടെ കുടുങ്ങുമെന്നായതോടെ എറണാകുളത്തെത്തി. 'സ്വന്തമായി ഡോക്ടർ പദവി' നേടി. വർഷങ്ങൾക്ക് മുമ്പ് ചേർത്തലയിലെ ഫർണിച്ചർ ഉടമയുടെ വീട്ടിലെ മുകൾ നിലയിലായിരുന്നു താമസം. അതിനുശേഷം തേവരയിലെ ഫ്ലാറ്റിലേക്ക് താമസം മാറി. പിന്നീടാണ് കലൂരിലെ വീട്ടിലേക്ക് എത്തുന്നത്. നിരവധി സ്ത്രീകളും ഇയാളുടെ തട്ടിപ്പിനും ചൂഷണത്തിനും ഇരയായിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേരുൾപ്പെടുത്തി പ്രവാസി മലയാളി ഫെഡറേഷൻ എന്ന സംഘടനയുടെ പേരിൽ പോസ്റ്ററുകളും പരിപാടികളും തയാറാക്കിയിരുന്നു. ഇതെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. 2019ൽ പ്രവാസി പുരസ്കാരം മുഖ്യമന്ത്രിക്ക് എന്നുവരെ ഇയാൾ പോസ്റ്റർ ഇറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.