മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എൽ.ഡി.എഫ് തയാറായിരുന്നു– ജി സുധാകരന്‍

നെടുങ്കണ്ടം: 2012ല്‍ നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം മുഖവിലക്കെടുത്തിരുന്നുവെങ്കില്‍ കെ.എം.മാണിക്ക് ഇന്ന് ആഗ്രഹിക്കുന്ന പദവിയില്‍ ഇരിക്കാമായിരുന്നുവെന്നും യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്ത് ഇടതുമുന്നണി പറഞ്ഞത് കെ.എം.മാണി കേട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇപ്പോഴത്തെ ഗതി വരില്ലായിരുന്നുവെന്നം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കുമളി മൂന്നാര്‍ ദേശീയപാതയില്‍ നെടുങ്കണ്ടത്തിന് സമീപം കല്ലാറില്‍ പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിസാര്‍ കഴിവുള്ളയാളാണ്. ആദരിക്കുന്നയാളാണ് വ്യക്തിപരമായി പരിഗണന നല്‍കുന്നുമുണ്ട്.എന്നാല്‍ ഇടതുമുന്നണി  ഒരിക്കലും മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്. വികസനകാര്യങ്ങളില്‍ മോദിയുടെ സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്താറില്ല.യു.പി.എ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് പദ്ധതികള്‍ക്കായി അയക്കുന്ന കത്തിന് മറുപടിപോലും ലഭിക്കുമായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെതടക്കം ഇപ്പോഴത്തെ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വികസന പദ്ധതികളോട് സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളായ സ്വച്ചഭാരത് മിഷനും,സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയും ആദ്യം നടപ്പാക്കിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. എന്നാല്‍ ഇതൊന്നും കാണാതെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ അതിരുകടന്ന് ആക്രമിക്കുകയായിരുന്നു. കേരളത്തിന്റെ നടുവൊടിച്ചിട്ടാണ് യു.ഡി.എഫ് ഇറങ്ങിപോയത്. ഇപ്പോള്‍ പതിയെ എണീറ്റ് ഓടാന്‍ തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫ് വൃത്തികെട്ട സംസ്ഥാനമാക്കി മാറ്റിയ കേരളത്തെ ഇടത് സര്‍ക്കാര്‍ പാലാഴി കടയും മാതിരി കടഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഗസ്റ്റ് ഹൗസുകൾ മദ്യപാന കേന്ദ്രങ്ങളായിരുന്നു. ഇപ്പോള്‍ ഇവയെല്ലാം അതിഥി മന്ദിരങ്ങളായി. മഹിജ വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടിയില്‍ തെറ്റൊന്നുമില്ല.സമരം നടത്താനെത്തിയവര്‍ ഉച്ചത്തില്‍ അലറിക്കൊണ്ട് ചക്കവെട്ടിയിട്ടപോലെ നിലത്തേക്ക് വീണപ്പോള്‍ വനിതാ പൊലീസുകാര്‍ അവരെ പിടിച്ച് ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. ആ സമയം പൊലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ അവിടെ ലാത്തിച്ചാര്‍ജും,വെടിവെപ്പും ഉണ്ടായേനെ. വിവിധ വനിതാ സംഘടനകളെയോ കര്‍ഷകതൊഴിലാളികളെയോ ആരും തട്ടിക്കൊണ്ടു പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു.


 

Tags:    
News Summary - G Sudhakaran- KM Mani- LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.