തിരുവനന്തപുരം: കേരള സർവകലാശാല ഡയറക്ടറേറ്റ‌് മാനേജ്മെൻറ്, ടെക‌്നോളജി ആൻഡ‌് ടീച്ചർ എജുക്കേഷൻ (ഡോംടെക‌്) ഡയറക്ടർ സ്ഥാനത്തുനിന്ന് മന്ത്രി ജി. സുധാകരെൻറ ഭാര്യ ഡോ. ജൂബിലി നവപ്രഭ രാജിെവച്ചു. മന്ത്രി സുധാകരനെ അപമാനിക്കാൻ ലക്ഷ്യമിട്ട‌് തനിക്കെതിരെ ഒരുസംഘം നടത്തുന്ന തെറ്റായ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും ആത‌്മാഭിമാനം നഷ്ടപ്പെടുത്താൻ തയാറല്ലാത്തതിനാലുമാണ‌് രാജിയെന്ന് ഡോ. ജൂബിലി നവപ്രഭ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മേയിൽ നവപ്രഭയെ ‘ഡോംടെക‌്’ ഡയറക്ടർ സ്ഥാനത്ത് കരാറടിസ്ഥാനത്തിൽ സർവകലാശാല നിയമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡയറക്ടർ പദവി സ്ഥിരം നിയമനം നടത്താവുന്ന വിധം സ്റ്റാറ്റ്യൂട്ടറി തസ്തികയാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇത് നവപ്രഭയെ സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന് വാർത്ത വന്നതോടെയാണ് രാജി. ‘ഡോംടെക‌്’ ഡയറക്ടർ സ്ഥാനം സ്ഥിരപ്പെടുത്താനുള്ള തീരുമാനം സർവകലാശാല എടുത്തിട്ടുണ്ടോ എന്ന‌് തനിക്കോ കുടുംബത്തിനോ അറിയില്ലെന്ന് ജൂബിലി നവപ്രഭ പറഞ്ഞു. എടുത്തിട്ടുണ്ടെങ്കിൽ അത‌് തെറ്റാണ‌്.
സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ‌് മികവിന‌് വേണ്ടിയുള്ള അതോറിറ്റിയാണ‌് ‘ഡോംടെക‌്’. കുത്തഴിഞ്ഞ സ്വാശ്രയ സ്ഥാപനങ്ങൾ നന്നാക്കാൻ വേണ്ടിമാത്രമാണ‌് കഴിഞ്ഞ അഞ്ചുമാസവും പരിശ്രമിച്ചത‌്. സ‌്ത്രീകളായ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത‌് ശ്രദ്ധയിൽെപട്ടപ്പോൾ അവരുടെ പരാതി രജിസ‌്ട്രാർക്ക‌് കൈമാറി. തെൻറ സ്ഥാപനത്തിന‌് കീഴിലെ ചില പ്രിൻസിപ്പൽമാരെ തന്നെ അറിയിക്കാതെ വിലയിരുത്തൽ നടത്തി തുടരാൻ അനുവദിച്ചത‌് ശ്രദ്ധയിൽപെട്ടിരുന്നു.
60 വയസ്സ് കഴിഞ്ഞവരെ തുടരാൻ അനുവദിക്കരുതെന്ന‌് ഡയറക്ടർ എന്ന നിലയിൽ സിൻഡിക്കേറ്റിനോട‌് ശിപാർശ ചെയ‌്തിട്ടുണ്ടെന്നും ജൂബിലി നവപ്രഭ പറഞ്ഞു.ഭർത്താവിനൊപ്പം നിൽക്കണമെന്നുള്ളതുകൊണ്ടാണ‌് തിരുവനന്തപുരത്തെ ജോലിക്ക‌് അപേക്ഷിച്ചത‌്. നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും തുണിക്കടയിലോ പെട്രോൾ പമ്പിലോ സ്വന്തം പരിശ്രമംകൊണ്ട‌് ജോലി ലഭിച്ചാൽ പെട്രോൾ പമ്പും തുണിക്കടയും നേതാവിെൻറ ബിനാമി കടകളാണെന്ന‌് പ്രചരിപ്പിക്കുന്ന കാലമാണിതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.