കോട്ടയം: കേരളത്തിന്റെ സ്വന്തം രുചിവൈവിധ്യങ്ങളും കുമരകത്തെത്തുന്ന ജി 20 പ്രതിനിധികൾക്കായി ഒരുക്കും. ചക്ക, മാങ്ങ, നേന്ത്രപ്പഴം, കൈതച്ചക്ക, ആഞ്ഞിലിച്ചക്ക, പപ്പായ തുടങ്ങി കേരളത്തിൽ വിളയുന്ന പഴവർഗങ്ങളാണ് അതിഥികൾക്ക് നൽകുന്നത്. ചന്ദ്രക്കാരൻ മാങ്ങ, കുറ്റ്യാട്ടൂർ മാങ്ങ എന്നിങ്ങനെ എട്ടുഇനം മാങ്ങകളും ഇതിനൊപ്പമുണ്ടാകും.
കരിക്കിൻ വെള്ളത്തിന്റെ വലിയശേഖരണവും ഒരുക്കും. ഒപ്പം തേങ്ങാപ്പാലിൽ തയാറാക്കുന്ന കോക്കനട്ട് ലെസി, നറുനീണ്ടിയടക്കമുള്ള ആയുർവേദ ഔഷധങ്ങൾ ചേർത്ത ഹെർബൽ ഡ്രിങ്ക് എന്നിവയുമുണ്ടാകും. പാനീയങ്ങൾ ചിരട്ട ഗ്ലാസിൽ നൽകാനാണ് തീരുമാനം. അച്ചപ്പം, കുഴലപ്പം, വട്ടയപ്പം, ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ തനതു പലഹാരങ്ങളാണ് അതിഥികൾക്ക് വിളമ്പുന്നത്. ഇടവേളകളിൽ ജീരകമിഠായി, നാരങ്ങമിഠായി എന്നിവ കൗതുകമായി പ്രതിനിധികൾക്ക് മുന്നിലെത്തും.
കേരളത്തിന്റെ വറുത്തരച്ച കറികൾക്കൊപ്പം കുമരകം കരിമീനിന്റെ വിവിധ രുചിഭേദങ്ങളും തീൻമേശകളിലെത്തും. ആദ്യദിവസമായ വ്യാഴാഴ്ച കുമരകം ബാക്ക് വാട്ടർ റിപ്പിൾസിലാണ് ഉച്ചഭക്ഷണം. 50 പേർക്ക് അഞ്ച് കൗണ്ടറിലായി മുപ്പതിലധികം വിഭവങ്ങളാകും നിരക്കുക. വേവിച്ച കപ്പ, കാച്ചിൽ, ചേന എന്നിവയും കാന്താരിമുളകുമാണ് ആദ്യദിനത്തെ സ്പെഷൽ നാടൻവിഭവങ്ങൾ. നത്തോലി ഫ്രൈയും ഒപ്പംചേരും.
ചോറിനൊപ്പം മില്ലറ്റ് പുട്ടും ദോശയും പൊറോട്ടയും വിളമ്പും. മുളയരി, പാലട പായസങ്ങളുമുണ്ടാകും. ചക്ക, പേരക്ക എന്നിവയുടെ ഐസ്ക്രീമുണ്ടാകും. വിദേശപ്രതിനിധികൾ ആവശ്യപ്പെടുന്ന മറ്റ് വിഭവങ്ങളും ഇതിനൊപ്പമുണ്ടാകും. വിവിധി റിസോർട്ടുകളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ലൈവ് സീ ഫുഡ് കൗണ്ടറുകളുണ്ടാകും. കൊത്തുപൊറോട്ട, അപ്പം, ചെമ്മീൻകറി, ഫിഷ്മോളി എന്നിവക്കൊപ്പം മലബാറിന്റെ രുചിവൈവിധ്യങ്ങളം നിറയും. തേങ്ങവിഭവങ്ങൾക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടാകും. മുളകൊണ്ടുള്ളതാകും സ്പൂണും ഫോർക്കും. തനിനാടൻ ശൈലിയിൽ വള്ളത്തിൽ റിസോർട്ടിന്റെ അകത്തളങ്ങളിൽ തുഴഞ്ഞെത്തുന്ന ചായ വഞ്ചി ആഘോഷത്തിന് വേറിട്ടപശ്ചാത്തലം ഒരുക്കും.
കേരളീയ കലാരൂപങ്ങളും വർണക്കാഴ്ചകളായി ജി 20 സമ്മേളനത്തിൽ നിറയും. സായാഹ്നങ്ങളിൽ വൈകീട്ട് അരമണിക്കൂറാണ് വിവിധ കലാരൂപങ്ങളുടെ അവതരണം. സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് കലാസന്ധ്യ ഒരുക്കുന്നത്.600 കലാകാരന്മാർ വേദികളിലെത്തും. വ്യാഴാഴ്ച കുമരകം ലേക് റിസോർട്ടിൽ പ്രതിനിധികൾക്കായി കഥകളി അവതരിപ്പിക്കും. മഹാഭാരതത്തിലെ ചൂതുകളി രംഗമാണ് കഥകളിയിലൂടെ അവതരിപ്പിക്കുന്നത്. 20 വേഷങ്ങൾ വേദിയിൽ അണിനിരക്കും.
വെള്ളിയാഴ്ച സൂരി റിസോർട്ടിലാണ് കലാപരിപാടികൾ. സ്ത്രീ കഥാപാത്രമായ ഉണ്ണിയാർച്ചയെ വടക്കൻ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കും. കളരിപ്പയറ്റ്, മോഹിനിയാട്ടം, പടയണി, തെയ്യം, ചവിട്ടുനാടകം, മുടിയേറ്റ്, കോൽക്കളി, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ അവതരിപ്പിക്കും. 200 കലാപ്രവർത്തകർ വേദിയിലെത്തും.
ശനിയാഴ്ച കുമരകം താജാണ് കലാപരിപാടികളുടെ വേദി. പൂരം നിറയുന്ന വേദിയിൽ പാഞ്ചാരി കൊട്ടിക്കയറും. മൂന്ന് ആനകളും അണിനിരത്തും. സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ 14 പേർ ചേർന്ന് കർണാടക സംഗീതാലാപനം നടത്തും. ചെറിയൊരു വെടിക്കെട്ടും ഒരുക്കുന്നതിനൊപ്പം തൃശൂർ പൂരം മാതൃകയിൽ വെളിച്ച സംവിധാനവുമൊരുക്കും.
ജി 20 ഷെർപ സമ്മേളനം സമാപിക്കുന്നത് ഓണാഘോഷത്തോടെ. കുമരകം കോക്കനട്ട് ലഗൂൺ റിസോർട്ടിൽ ഏപ്രിൽ രണ്ടിനാണ് വിദേശത്തുനിന്നടക്കമുള്ള ജി 20 പ്രതിനിധികൾക്കായി കേരളത്തിന്റെ സ്വന്തം ആഘോഷം ഒരുക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച് ഓണസദ്യയോടെ അവസാനിക്കുന്ന തരത്തിലാണ് ഓണാഘോഷം.
ഓണത്തപ്പന്മാരെ അണിനിരത്തുന്നതിനൊപ്പം മുല്ലപ്പൂമാല അണിയിച്ചാകും പ്രതിനിധികളെ ആഘോഷത്തിലേക്ക് സ്വീകരിക്കുക. തുടർന്ന് ഉദ്യോഗസ്ഥരും പ്രതിനിധികളും ചേർന്ന് പൂക്കളമൊരുക്കും. മുണ്ട് ഉടുത്തെത്തുന്ന ഉദ്യോഗസ്ഥർക്കും പ്രതിനിധികൾക്കുമായി തിരുവാതിര, പുലിക്കളി, കുമ്മാട്ടിക്കളി, കളരിപ്പയറ്റ്, കളമെഴുത്തുംപാട്ട് എന്നിവയും അരങ്ങേറും. ഊഞ്ഞാലാട്ടം പ്രത്യേകമായി ഒരുക്കും. 53 വിഭവങ്ങൾ നിരക്കുന്ന ആറൻമുള സദ്യയാകും ഉച്ചക്ക്. പാലടയും പരിപ്പ് പ്രഥമനും പായസമധുരമാകും.
സദ്യക്ക് മുമ്പായി ഒമ്പതുതരം മില്ലറ്റ് കൊണ്ടുണ്ടാക്കിയ സുഖിയൻ, കട്ലെറ്റ് എന്നിവയും വിളമ്പും. ഓണസദ്യക്കുശേഷം മുറുക്കാൻ കൊടുത്ത് അതിഥികളെ യാത്രയാക്കും. അതിഥികൾക്ക് സമ്മാനമായി പോളകൊണ്ട് നിർമിച്ച തൊപ്പികൾ നൽകും. കഥകളി വേഷങ്ങളുടെ രൂപങ്ങൾ, വാളും പരിചയും വാദ്യോപകരണങ്ങൾ എന്നിവയുടെ ചെറുരൂപങ്ങളും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.