അരൂർ: മാർച്ച് 30 മുതൽ ഏപ്രിൽ നാലുവരെ കുമരകത്ത് നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായ ഉദ്യോഗസ്ഥ സമ്മേളനത്തിന് മുന്നോടിയായി അരൂർ മുതൽ ദേശീയപാതയോരത്തെ പെട്ടിക്കടകൾ ഉൾപ്പെടെ നീക്കണമെന്ന് പഞ്ചായത്തുകൾ നിർദേശം നൽകി.
ഉച്ചകോടിക്കായി രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ വിശിഷ്ട വ്യക്തിത്വങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ദേശീയപാത വഴി കുമരകത്തേക്ക് സഞ്ചരിക്കുമ്പോൾ ഗതാഗത തടസ്സം ഒഴിവാക്കാൻ എന്ന പേരിലാണ് നടപടി. ദേശീയപാതയോരങ്ങളിലെ തട്ടുകടകളും ബോർഡുകളും കടയുടെ ചമയങ്ങളും 27നകം പൊളിച്ചു മാറ്റണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചിരിക്കുന്നത്.
ചമയങ്ങളും പരസ്യങ്ങളും നീക്കുന്നതും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതും സംബന്ധിച്ച ഹൈകോടതി വിധി ഉടൻ നടപ്പാക്കണമെന്ന ഓംബുഡ്സ്മാൻ നിർദേശം കാരണമാണ് പഞ്ചായത്ത് നടപടിയെന്നറിയുന്നു.
അരൂർ ഗ്രാമപഞ്ചായത്ത് വഴിയോരക്കച്ചവടക്കാർക്കും മറ്റും വിതരണം ചെയ്ത നോട്ടീസിൽ വ്യക്തമായി തന്നെ ജി20 ഉച്ചകോടിക്ക് എത്താനുള്ള രാഷ്ട്രത്തലവന്മാരും അതിവിശിഷ്ട വ്യക്തികളും സഞ്ചരിക്കുന്ന വഴിയായതുകൊണ്ട് തടസ്സങ്ങൾ ഒഴിവാക്കി വഴിയോരക്കച്ചവടക്കാർ 27 മുമ്പായി ഒഴിയണമെന്ന് സൂചിപ്പിക്കുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വഴിയോരക്കച്ചവടക്കാരുടെ യൂനിയനുകൾ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.