മലപ്പുറം: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ കോഡൂരിൽ ജനകീയ സമരസമിതി തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ മലപ്പുറം വാറങ്കോട്ട് സ്ഥലമളക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തിരിച്ചയച്ചു.
വ്യാഴാഴ്ച രാവിലെ പത്തരയോടെ വാറങ്കോട് ഡ്രൈവിങ് പരിശീലന മൈതാനത്തിന് സമീപത്തുനിന്നാണ് അളവ് തുടങ്ങിയത്. 500 മീറ്ററോളം അളന്നെങ്കിലും 11.30ഓടെ വാർഡ് കൗൺസിലറും നഗരസഭ ചെയർപേഴ്സനുമായ സി.എച്ച്. ജമീല, വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം, കൗൺസിലർ ഹാരിസ് ആമിയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരെത്തി നടപടി നിർത്തിവെപ്പിച്ചു.
നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. അളവ് കഴിഞ്ഞ സ്ഥലങ്ങളിലെ വൈദ്യുതികാലുകൾ ഉദ്യോഗസ്ഥർ മാർക്ക് ചെയ്തിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് അകമ്പടിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. നടപടി തടസ്സപ്പെട്ടതോടെ ജനപ്രതിനിധികളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി.
സ്ഥലം അളക്കുന്നതിന് മുമ്പ് ജില്ല കലക്ടറുമായി പ്രശ്നം ചർച്ച ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതുപ്രകാരം നാട്ടുകാരുമായി ചർച്ച നടക്കും. അതേസമയം, ആദ്യ അലൈൻമെൻറ് മാറ്റിയാണ് സ്ഥലം അളന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കിഴക്കേത്തല മുതൽ മച്ചിങ്ങൽ ബൈപാസ് വരെ അളന്ന് തിട്ടപ്പെടുത്താനാണ് ഉദ്യോഗസ്ഥരെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച കോഡൂരിൽ ഗെയിൽ ഉദ്യോഗസ്ഥർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.