കൊച്ചി: കൊച്ചി -മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിയുടെ ജോലികൾക്ക് പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവ്. കൊച്ചി ഉദ്യോഗമണ്ഡലിൽ പൈപ്പുകൾ കയറ്റിറക്കുന്ന ജോലി വിവിധ ചുമട്ടുതൊഴിലാളി സംഘടനകളുടെ എതിർപ്പ് മൂലം തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഗെയിൽ (ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ) നൽകിയ ഹരജിയിൽ മതിയായ സംരക്ഷണം നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പദ്ധതി പ്രദേശത്തെ കയറ്റിറക്ക് ജോലിയിൽ ട്രേഡ് യൂനിയൻ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും അല്ലാത്തപക്ഷം നോക്കുകൂലി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ഗെയിൽ അധികൃതർ ഹരജി നൽകിയത്.
ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്ക് പ്രകൃതി വാതകം വിതരണം ചെയ്യാനായി നടപ്പാക്കുന്ന കൊച്ചി - മംഗലാപുരം പൈപ്പ്െലെൻ പദ്ധതിക്ക് വേണ്ടി വലിയ പൈപ്പുകളാണ് കൊണ്ടുവരുന്നതെന്നും ആധുനിക മെഷീൻ സംവിധാനം ഉപയോഗിച്ചാണ് ഇവ കയറ്റിയിറക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. വാതക പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പ്രത്യേക പരിശീലനം നേടിയവരാണ് ചെയ്യുന്നത്. ഇൗ മേഖലയിൽ വിദഗ്ധ പരിശീലനം ലഭിക്കാത്ത യൂനിയൻ അംഗങ്ങളെ നിയോഗിക്കാനാവില്ലെന്നും ഹരജിക്കാർ വിശദീകരിച്ചു.
തുടർന്നാണ് ഗെയിലിെൻറ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാൻ ഡി.ജി.പി, ആലുവ റൂറൽ എസ്.പി, ഏലൂർ എസ്.ഐ എന്നിവർക്ക് കോടതി നിർദേശം നൽകിയത്. വിദഗ്ധ പരിശീലനം വേണ്ടാത്തതും ക്രെയിൻ ഉപയോഗിച്ചല്ലാത്തതുമായ കയറ്റിറക്ക് ജോലികൾക്ക് തങ്ങളെ പരിഗണിക്കണമെന്ന ചുമട്ടു തൊഴിലാളി യൂനിയനുകളുടെ ആവശ്യം ചുമട്ടു തൊഴിലാളി നിയമപ്രകാരം രൂപം നൽകിയ ബോർഡ് മുമ്പാകെയോ ജില്ല ലേബർ ഒാഫിസർ മുമ്പാകെയോ ഉന്നയിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ പരിശീലനം വേണ്ടാത്ത ജോലികൾക്ക് പുറത്തുനിന്ന് ആളെ എടുക്കരുതെന്നും അത്തരം അനുബന്ധ കയറ്റിറക്ക് ജോലികൾക്ക് കേരള ചുമട്ടു തൊഴിലാളി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്നും ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.