തിരുവനന്തപുരം: ഗെയിൽ പദ്ധതി ഏറക്കുറെ പൂർത്തിയായതായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സിറ്റി ഗ്യാസ് പദ്ധതി കൂടി വേഗം പൂർത്തിയാക്കും. ശബരിമല മാസ്റ്റർ പ്ലാൻ, ഓഖി പുനരധിവാസ പദ്ധതികൾ, മാലിന്യ സംസ്കരണ പ്ലാൻറുകൾ, ഇടമൺ - കൊച്ചി വൈദ്യുതി ലൈൻ, കോവളം - ബേക്കൽ ജലപാത, ലൈഫ് മിഷൻ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, ചന്ദ്രഗിരി പുഴകളിൽ ഗെയിൽ പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ഗെയിൽ അധികൃതരുമായി ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാൻ വ്യവസായവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മാലിന്യസംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന്നത് ചർച്ച ചെയ്തു. വയനാട്ടിലെ പ്ലാൻറ് രണ്ടുമാസത്തിനകം പ്രവർത്തനക്ഷമമാകും. കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ വർഷം നിർമാണം ആരംഭിക്കും. ശബരിമല മാസ്റ്റർ പ്ലാനിൽ 63.5 ഏക്കറിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കും. റോപ്വേക്കായി മണ്ണ് പരിശോധന ഒരാഴ്ചക്കകം ആരംഭിക്കും. ട്രാക്ടറിനുള്ള പുതിയ പാത സംബന്ധിച്ചും ഉടൻ തീരുമാനിക്കും. അടുത്ത മണ്ഡലകാലത്തിനുമുമ്പ് നിലയ്ക്കലിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കണം.
കോവളം- ബേക്കൽ ജലപാതയിൽ രണ്ട് റീച്ചുകളിൽ പ്രവർത്തനം വേഗത്തിലാക്കും. ലൈഫ് മിഷൻ ആദ്യഘട്ടം ഏറക്കുറെ പൂർത്തിയായി. പ്രവൃത്തി പൂർത്തിയാക്കാനാകാത്ത വീടുകൾ പ്രത്യേകമായി പരിശോധിക്കും.
രണ്ടാം ഘട്ടമായി ഭൂമി സ്വന്തമായുള്ള ഭവനരഹിതർക്കുള്ള വീടുനിർമാണം ഇൗവർഷംതന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിടസമുച്ചയങ്ങൾ നിർമിക്കാനുള്ള മൂന്നാം ഘട്ടവും സമയബന്ധിതമാക്കും. ഈ വർഷം 85 കെട്ടിട സമുച്ചയങ്ങളുടെ നിർമാണം ആരംഭിക്കും. 1208 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഓഖി പുനരധിവാസപദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. കടലിൽപോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയക്കാനാവുന്നവിധം പരിഷ്കരിക്കും. ഇതിനുള്ള സാങ്കേതികവിദ്യ ഈ മാസം ഐ.എസ്.ആർ.ഒ കൈമാറും. സാറ്റലൈറ്റ് ഫോണുകൾ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ നൽകേണ്ട വിഹിതം ആയിരം രൂപയായി കുറയ്ക്കും. മറൈൻ ആംബുലൻസ് നിർമാണം വേഗം പൂർത്തിയാക്കും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.