എതിർത്താൽ ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി; എതിര്‍പ്പുകളെ മറികടന്ന്​ പലതും നടക്കും -പിണറായി വിജയൻ

തിരുവനന്തപുരം: എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് ഉദ്ഘാടന വേദിയിലാണ് കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ മുൻ നിർത്തി മുഖ്യമന്ത്രിയുടെ പരാമർശം.

ഏതു പുതിയ പരിഷ്കാരം വന്നാലും ചിലര്‍ എതിര്‍ക്കുമെന്ന് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ സൂചിപ്പിച്ച്​ മുഖ്യമന്ത്രി പറഞ്ഞു. അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത്, എതിർപ്പിന്‍റെ കാരണങ്ങൾ മനസിലാക്കി മുന്നോട്ടു പോയാൽ എതിർപ്പുകളെ നേരിടാൻ കഴിയും. എതിര്‍ക്കുന്നവര്‍ക്കുപോലും പിന്നീട് പദ്ധതികളുടെ ഗുണഫലം കിട്ടുന്നുണ്ട്​. അവര്‍ പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കാറുമുണ്ട്​. ഈ സർക്കാരിന്‍റെ കാലത്ത് ഒരു വികസന പദ്ധതികളും നടപ്പാക്കാൻ അനുവദിക്കരുത് എന്ന് ഉറപ്പിച്ചുള്ള സംഘടിത നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നു മുഖ്യമന്ത്രി ആരോപിച്ചു.

ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി-ഇടമൺ പവർഹൈവേ തുടങ്ങി പല കാര്യങ്ങളിലും അതിശക്തമായ എതിർപ്പുണ്ടായിരുന്നു. ആ എതിർപ്പിൽ കാര്യമില്ലെന്നു കാര്യകാരണ സഹിതം സർക്കാർ വ്യക്തമാക്കിയതോടെ എതിർത്തവർ തന്നെ പദ്ധതിയെ അനുകൂലിക്കാൻ തയാറായി. കേരളത്തില്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ട്​ - മുഖ്യമന്ത്രി പറഞ്ഞു.

ഐഎഎസ്–കെഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരബന്ധം വളർത്തിയെടുത്ത് മുന്നോട്ടു പോകണം. ഐഎഎസ് ഉദ്യോഗസ്ഥർ ദേശീയ കാഴ്ചപ്പാടോടെ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റണം. കെഎഎസ് ഉദ്യോഗസ്ഥർ വകുപ്പിന്‍റെ കാര്യം ചെയ്യുന്നതോടൊപ്പം മറ്റു വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. ഇതു സംസ്ഥാന വികസനത്തിന് ഒഴിച്ചു കൂടാനാകാത്തതാണ്​. സർക്കാർ നയം നടപ്പിലാക്കുന്നത് സിവിൽ സർവിസിലൂടെയായതിനാൽ ആ നയം ജനതാൽപര്യത്തോടെ നടപ്പിലാക്കണമെങ്കിൽ സിവിൽ സർവിസും ജനകീയമാകണം -മുഖ്യമന്ത്രി വ്യക്​തമാക്കി. 

Tags:    
News Summary - Gail was also opposed here says Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.