ഇടുക്കി: ‘അടിച്ചാൽ തിരിച്ചടിക്കണം’ എന്ന പരാമർശത്തിന് പിന്നാലെ വീണ്ടും ന്യായീകരണ പ്രസംഗവുമായി സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വര്‍ഗീയ ശക്തികള്‍ വെടിവെച്ചു കൊന്നതെന്നാണ് എം.എം. മണി പറഞ്ഞത്. സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ പരാമര്‍ശം.
തല്ലുകൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല അടിച്ചാല്‍ തിരിച്ചടിക്കണമെന്നതാണ് നമ്മുടെ നിലപാട്. അടിച്ചാല്‍ കേസൊക്കെ വരും അതിന് നല്ല വക്കീലിനെവച്ച് വാദിച്ച് കോടതിയെ സമീപിക്കണം. ഇതൊക്കെ ചെയ്തതാണ് താനിവിടെവരെ എത്തിയതും പാര്‍ട്ടി വളര്‍ന്നതും. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതൊക്കെ കൊടുത്ത് ഇനി എന്നെ കുഴപ്പത്തിലാക്കരുതെന്നും എം.എം. മണി പ്രസംഗത്തിൽ വ്യക്തമാക്കി.
ഡിസംബർ ഏഴിന് ഇടുക്കി ശാന്തന്‍പാറ ഏരിയ സമ്മേളനത്തിൽ എം.എം മണി നടത്തിയ ‘അടിച്ചാൽ തിരിച്ചടിക്കണം’ എന്ന പരാമർശം വിവാദത്തിന് വഴിവെച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കണമെന്നും താനടക്കമുള്ള നേതാക്കൾ അടിച്ചിട്ടുണ്ടെന്നും അന്ന് പ്രസംഗിച്ച് നടന്നിരുന്നെങ്കിൽ പ്രസ്ഥാനം കാണില്ലെന്നുമാണ് എം.എം മണി പറഞ്ഞത്.
‘അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. നമ്മളെ അടിച്ചാൽ പ്രതിഷേധിക്കുക, തിരിച്ചടിക്കുക. എന്തിനാണ് പ്രതിഷേധിക്കുന്നത്? ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പിന്നെ തല്ലുകൊള്ളാനേ നേരം കാണൂ.
അടിച്ചാൽ തിരിച്ചടിക്കുക തന്നെ വേണം. ഞാനൊക്കെ പല നേതാക്കന്മാരെയും നേരിട്ട് അടിച്ചിട്ടുണ്ട്. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം.
തങ്ങളുടെ പല നേതാക്കളെയും കൊലപ്പെടുത്തിയിട്ടുണ്ട്. അതിനെയെല്ലാം നേരിട്ടിട്ടുണ്ട്. പ്രതിഷേധിക്കുന്നത് ആളുകളെ കുടെ നിർത്താനാണ്. അടിച്ചാൽ തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം.
ജനങ്ങൾ അംഗീകരിക്കുന്ന മാർഗമാണ് സ്വീകരിക്കേണ്ടത്. പ്രസംഗിച്ച് മാത്രം നടന്നാൽ പ്രസ്ഥാനം നിലനിൽക്കില്ല. കമ്യൂണിസ്റ്റുകാർ ബലപ്രയോഗം സ്വീകരിക്കുന്നത് ജനങ്ങൾക്കത് ശരിയാണെന്ന് തോന്നുമ്പോഴാണ്’ -എം.എം മണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.