തിരുവനന്തപുരം: എ.സി പ്രീമിയം സൂപ്പര്‍ഫാസ്റ്റിൽ കുടുംബസമേതം യാത്രക്കാരനായി മന്ത്രി കെ.ബി. ഗണേഷ്കുമാര്. തമ്പാനൂരില്‍നിന്ന് വെള്ളിയാഴ്ച രാവിലെ എട്ടിന് പുറപ്പെട്ട ബസിലാണ് മന്ത്രി കയറിയത്. പുതിയ സർവിസുകൾ വിലയിരുത്തലായിരുന്നു ലക്ഷ്യം. ടിക്കറ്റെടുത്ത അദ്ദേഹം കൊട്ടാരക്കര വരെ യാത്രചെയ്തു. യാത്രക്കാരില്‍നിന്ന് ബസിനെക്കുറിച്ച അഭിപ്രായം മന്ത്രി ആരാഞ്ഞു.
സീറ്റ് ബെല്‍റ്റ്, വൈ-ഫൈ എന്നിവയുടെ ഉപയോഗം പരിചയപ്പെടുത്താന്‍ ബസില്‍ വിഡിയോ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരോദിവസം കഴിയുമ്പോഴും വരുമാനം കൂടുന്നുണ്ട്. മികച്ച പ്രതികരണമാണ്. ബസ് കൃത്യമായി വൃത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി കൂടുതല്‍ ലഗേജ് വെക്കാന്‍ സൗകര്യമുള്ള ബസ് വാങ്ങുന്നത് പരിഗണനയിലുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കാനുള്ള സജ്ജീകരണമുണ്ടാകും. മന്ത്രിക്കൊപ്പം ഭാര്യ ബിന്ദുവും കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരും ബസിലുണ്ടായിരുന്നു.
തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിലാണ് നിലവിൽ എ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ഓടുന്നത്.
സൂപ്പർ ഫാസ്റ്റ് കാറ്റഗറിയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി എ. സി ബസുകൾ വിന്യസിക്കുന്നത്. യാത്രക്കാർക്ക് 1.5 ജി.ബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. ദീർഘദൂര യാത്രക്കാരെ വേഗം ലക്ഷ്യത്തിലെത്തിക്കണമെന്നതിനാൽ സ്റ്റോപ്പുകൾ കുറവാണ്. ഇനി 30 പ്രീമിയം ബസുകൾ കൂടി സൂപ്പർ ഫാസ്റ്റുകൾക്കായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.