പാലക്കാട്: പാർട്ടി നടപടി നേരിട്ട സി.പി.എം നേതാവ് പി. കെ. ശശിക്ക് പിന്തുണയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ. പി.കെ. ശശിയെ പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തിൽ താൻ കണ്ടിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. പി.കെ. ശശി ചെയർമാനായ മണ്ണാർക്കാട് യൂനിവേഴ്സൽ കോളജ് ഉദ്ഘാടനത്തിനിടെയായിരുന്നു ഗണേഷിന്റെ പുകഴ്ത്തൽ. നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴുള്ളത്. താനും അത്തരത്തിൽ വേട്ടയാടപ്പെട്ട ആളാണെന്നും മന്ത്രി പറഞ്ഞു.
ഏതൊരു മനുഷ്യനും നന്മ ചെയ്യാന്‍ തുടങ്ങിയാല്‍ അവനെ വേറെ കേസില്‍ പെടുത്താന്‍ നോക്കും.കടലാസുകളുണ്ട്, തെളിവുകളുണ്ട് എന്ന് പറഞ്ഞ് വരുന്നവരോട് ഇരുട്ടുകൊണ്ട് ഓട്ടയടക്കരുത് എന്നേ പറയാനുള്ളൂ. പി.കെ. ശശി നല്ല മനുഷ്യനാണെന്ന് അഭിമാനത്തോടെ എവിടെയും പറയും. എം.എൽ.എ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ ആളുകളെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്.
പാലക്കാട് ഭാഗത്ത് എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണ്. അദ്ദേഹം വിചാരിച്ചാല്‍ അഹങ്കാരമില്ലാതെ സ്നേഹത്തിന്റെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ് പരിഹരിക്കാൻ കഴിയും.
മാങ്ങയുള്ള മരത്തിൽ കല്ലെറിഞ്ഞതുകൊണ്ടല്ലേ കാര്യമുള്ളൂ. എങ്കിലല്ലേ ആളുകൾ അറിയുകയുള്ളൂ. അദ്ദേഹത്തെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മറ്റൊരു മനുഷ്യനെ കണ്ടിട്ടില്ല.പി.കെ. ശശിയെ കരിവാരിത്തേക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ സത്യമില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.