അങ്കമാലി: അങ്കമാലിയിൽ ഗുണ്ടനേതാവിന്‍റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിനെത്തിയ ഡിവൈ.എസ്.പിയും സംഘവും അങ്കമാലി പൊലീസിന്‍റെ റെയ്ഡിൽ കുടുങ്ങി. പൊലീസെത്തിയതോടെ ഡിവൈ.എസ്.പി ശൗചാലയത്തിൽ ഒളിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാർ ചിതറിയോടി.
സംഭവത്തിൽ രണ്ട് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡിവൈ.എസ്.പിക്കും മറ്റൊരു പൊലീസുകാരനുമെതിരെ വകുപ്പുതല അന്വേഷണത്തിന് റിപ്പോർട്ട് ചെയ്തു. ഇവർക്കെതിരെ പിന്നീട് നടപടിയുണ്ടാകും.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബു, ക്രൈം ബ്രാഞ്ച് സിവിൽ പൊലീസ് ഓഫിസർ ദീപക്, പൊലീസ് ഡ്രൈവർമാരായ അനീഷ്, ജോളിമോൻ എന്നിവരാണ് വിരുന്നിൽ പങ്കെടുത്തത്.
സി.പി.ഒയും ഡ്രൈവറുമായ ജോളിമോൻ, ദീപക് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല നടപടിക്കുള്ള റിപ്പോർട്ട് രണ്ടു ദിവസത്തിനകം കൈമാറും. കുപ്രസിദ്ധ ഗുണ്ടനേതാവ് തമ്മനം ഫൈസലും കൂട്ടാളികളും താമസിക്കുന്ന അങ്കമാലി പാറക്കടവ് പുളിയനത്തെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് ഡിവൈ.എസ്.പിയും പൊലീസുകാരും വിരുന്നിനെത്തിയത്.
വീട് സുഹൃത്തിന്‍റേതാണെന്ന് ഡിവൈ.എസ്.പി പൊലീസുകാരെ വിശ്വസിപ്പിച്ചെന്നാണ് വിവരം. പൊലീസ് സംഘം വീട്ടിലെത്തി അധികം കഴിയുംമുമ്പ് അങ്കമാലി എസ്.ഐ റോയിയും സംഘവും പരിശോധനക്കെത്തി. ഗുണ്ടകളെ പിടികൂടാനുള്ള ‘ഓപറേഷൻ ആഗി’ന്‍റെ ഭാഗമായായിരുന്നു പരിശോധന.
പൊലീസ് എത്തിയതോടെ ഡിവൈ.എസ്.പി ശൗചാലയത്തിൽ കയറി ഒളിച്ചു. പൊലീസുകാർ ചിതറിയോടി. പൊലീസിന്‍റെ അടിയേൽക്കുമെന്ന് കണ്ടതോടെ, ഡിവൈ.എസ്.പിയും പൊലീസുകാരുമാണെന്ന് സംഘം വെളിപ്പെടുത്തുകയായിരുന്നു. മേയ് 31ന് ഡിവൈ.എസ്.പി സർവിസിൽ നിന്ന് വിരമിക്കുകയാണ്. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രയയപ്പ് ചടങ്ങ് ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.