വെട്ടേറ്റ പാസ്റ്റര്‍ അരുള്‍ ദാസ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍, അക്രമികൾ അടിച്ചു തകർത്ത ജയകുമാറിന്റെ വീട്ടിലെ ജനൽ 

അമ്പൂരിയില്‍ ഗുണ്ടാവിളയാട്ടം; പാസ്റ്റർക്ക് വെട്ടേറ്റു, പ്രദേശത്തെ വീടും വാഹനങ്ങളും അടിച്ചുതകർത്തു

തിരുവനന്തപുരം: വെള്ളറട അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ വീടുകൾ കയറി ഗുണ്ടാവിളയാട്ടം. പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പ്രദേശത്തെ വീടും വാഹനങ്ങളും തകർക്കുകയും ചെയ്തു. ഗുണ്ടകളുടെ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ നാലു പേരടങ്ങുന്ന സംഘമാണ് വാളും കത്തിയുമായി അഴിഞ്ഞാടിയത്.

വെള്ളറട കോട്ടയം വിള സ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും അക്രമിച്ചു. അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവത്തകനായ ബിജിലാലിനും മർദനമേറ്റു. വെള്ളറടയില്‍ നിന്ന് ആറു കാണിയിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ അരുള്‍ ദാസി നെയും മകനെയും ആക്രമിച്ചു. പണം ആവശ്യപ്പെട്ട് അരുള്‍ ദാസിനെ വെട്ടിപരിക്കേൽപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ പാസ്റ്റർ മെഡിക്കല്‍ കോളജിലും ഇപ്പോള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടെ സമീപത്തെ ജയകുമാറിന്റെ വീട്ടിനുള്ളിലേക്ക് പടക്കമെറിഞ്ഞ് പൂട്ടുതകര്‍ത്ത് വീടിനുള്ളില്‍ കയറി ജനൽ ചില്ലുകൾ അടിച്ചു തകര്‍ത്തു. ഭാര്യ ലതയെയും അക്രമിക്കാനും ശ്രമിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗൃഹ പ്രവേശം കഴിഞ്ഞതാണ്. ഈ വീട്ടിന്റെ മുകളിലെ ലൈറ്റില്‍ നിന്നു വെളിച്ചം എതിര്‍വശത്തു താമസിക്കുന്ന അക്രമികളുടെ വീട്ടിനു സമീപത്തു പതിക്കുന്നു എന്ന കാരണം പറഞ്ഞാണ് വീട് അടിച്ചു തകര്‍ത്തത്.

മയക്കുമരുന്നിന്റെ ലഹരിയിലാണ് അക്രമം നടത്തിയതെന്നു കരുതപ്പെടുന്നു. മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ള ഈ സംഘത്തിനെതിരേ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമികളില്‍ ഒരാളെ ഒടുവില്‍ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസെത്തിയപ്പോള്‍ കൈമാറി. അക്രമം നടക്കുമ്പോള്‍ പൊലീസിനെ അറിയിച്ചിട്ടും പോലീസ് വൈകിയാണ് എത്തിയതെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.

Tags:    
News Summary - Gang violence in Amburi; Five people, including the pastor, were beaten up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.