വികസന പിന്നാക്കാവസ്ഥ കൊലപാതക രാഷ്ട്രീയത്തിനിടയാക്കുന്നു –ഗീതാനന്ദന്‍

കണ്ണൂര്‍: മലബാറിലെ വികസന പിന്നാക്കാവസ്ഥയും പൊലീസ്-ഭരണസംവിധാനങ്ങളുടെ നിശബ്ദ പിന്തുണയുമാണ് കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നതെന്ന് ദലിത് പൗരാവകാശ സംരക്ഷണസമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചില പ്രത്യേക പ്രദേശങ്ങളുടെ വികസനപരമായ പിന്നാക്കാവസ്ഥ ശാശ്വതമായി നിലനിര്‍ത്തി ഹിന്ദു, ജാതിവിഭാഗങ്ങളെ അക്രമരാഷ്ട്രീയം ഉപയോഗിച്ച് കൂടെനിര്‍ത്തുകയാണ് സി.പി.എം-ബി.ജെ.പി നേതൃത്വം ചെയ്യുന്നത്.

മലബാറിലെ നിരവധി പ്രദേശങ്ങള്‍ ഇന്നും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുകയാണ്. ഉത്തരമലബാറിലെ പിന്നാക്കാവസ്ഥ നിലനിര്‍ത്തുന്നതിനും കൊലപാതക രാഷ്ട്രീയം വിപുലീകരിക്കുന്നതിലും കോണ്‍ഗ്രസിന്‍െറ പങ്കും മുന്‍കാലത്തുണ്ടായിട്ടുണ്ട്. 1970കളില്‍ ബീഡി മേഖലയിലുണ്ടായ പ്രതിസന്ധിഘട്ടത്തില്‍ സംഘ്പരിവാര്‍ തുടങ്ങിവെച്ച അക്രമരാഷ്ട്രീയത്തിന്‍െറ കെണിയില്‍നിന്ന് സി.പി.എമ്മിന് ഇന്നും പുറത്തുകടക്കാനായിട്ടില്ല. മുസ്ലിം, ആദിവാസി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കെതിരെ ചെറിയ കുറ്റങ്ങളാണെങ്കിലും തീവ്രവാദവും ഭീകരവാദവും ചുമത്തേണ്ടവരാണെന്ന സംഘ്പരിവാര്‍ ബോധമാണ് കേരള പൊലീസിനുള്ളത്.

ഉത്തരമലബാറിന്‍െറ വികസന പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനും സ്വതന്ത്രവും നിര്‍ഭയവുമായ പൊലീസ് ഭരണസംവിധാനം പുന$സ്ഥാപിക്കാനും ജനാധിപത്യസമൂഹത്തിന്‍െറ ഇടപെടലുണ്ടാകണം. ഇതിനായി ജനാധിപത്യ പ്രവര്‍ത്തകരുടെ സംസ്ഥാനതല കണ്‍വെന്‍ഷന്‍ നവംബര്‍ മൂന്നാംവാരം കണ്ണൂരില്‍ സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

Tags:    
News Summary - geethanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.