മാർ കൂറിലോസിനെ രണ്ടുദിവസം മുൾമുനയിൽ നിർത്തിയ വെർച്വൽ തട്ടിപ്പ്; നടന്നതിങ്ങനെ

പത്തനംതിട്ട: രണ്ടുദിവസം തന്നെ മുൾമുനയിൽ നിർത്തിയുള്ള വെർച്വൽ തട്ടിപ്പാണ് അരങ്ങേറിയതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാർ കൂറിലോസ്. 15 ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്​. തട്ടിപ്പ് സംബന്ധിച്ചു പരാതി നൽകാൻ വൈകിയതോടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പൊലീസും പറയുന്നു.

ബുധനാഴ്ച മല്ലപ്പള്ളി കീഴ്വായ്പൂര് പൊലീസിലാണ് ഗീവർഗീസ് മാർ കൂറിലോസ് പരാതി നൽകിയത്. സഭ ചുമതലകളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ച മാർ കൂറിലോസ് ഇപ്പോൾ മല്ലപ്പള്ളിക്കു സമീപം ആനിക്കാട് സെന്‍റ്​ഗ്രിഗോറിയോസ് ദയറയിലാണ് താമസിക്കുന്നത്. അഭിഭാഷകനുമായി ബന്ധപ്പെട്ടശേഷം ഒരു ദിവസം കൂടി കാത്തിരുന്നശേഷമാണ് പരാതി നൽകിയത്.

എന്നാൽ പരാതി നൽകിയത് രണ്ടുദിവസം വൈകിയതിനാൽ പണം വീണ്ടെടുക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് സൈബർ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പണം മാറ്റിയ അക്കൗണ്ടുകളിൽ നിന്ന് ഇത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് വിവരം. മുമ്പും സമാനമായ കേസുകളിൽ ഇതു തന്നെയാണ് സംഭവിച്ചത്. മാർ കൂറിലോസ് പണം നിക്ഷേപിച്ചതായി പറയുന്ന രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി അൻഷാദിന്‍റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം. കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് പറഞ്ഞു.

ആദ്യം വിളിച്ചത് ‘മുംബൈ സൈബർ’, പിന്നാലെ ‘ഡിജിറ്റൽ കസ്റ്റഡി’യും ‘വിചാരണ’യും

സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ രണ്ടിന് ഉച്ചയോടെ മുംബൈ സൈബർ എന്ന കോളർ ഐഡിയിൽ നിന്ന് മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. അടിയന്തരമായി മുംബൈയിൽ വരണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നതായും രണ്ട് മൊബൈല്‍ നമ്പരുകളില്‍നിന്നായി വിളിച്ചു തെറ്റിധരിപ്പിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. തനിക്കു കേരളത്തിനു പുറത്ത് ഒരു ബാങ്കിലും അക്കൗണ്ടില്ലെന്ന് മാർ കൂറിലോസ് പറഞ്ഞു. എന്നാൽ മുംബൈയിലുള്ള അക്കൗണ്ട് ആരെങ്കിലും കബളിപ്പിച്ച് എടുത്തതാണെന്നും ഇതിലൂടെ കള്ളപ്പണ ഇടപാട് നടന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ആവശ്യമാണെന്നും മാർ കൂറിലോസിനോടു ഫോൺ വിളിച്ചവർ പറഞ്ഞു. ഇതിനായി സിബിഐ ഉദ്യോഗസ്ഥരുടെ അന്വേഷണമുണ്ടെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ഏത് അന്വേഷണവുമായി താൻ സഹകരിക്കാമെന്ന് മാർ കൂറിലോസ് വ്യക്തമാക്കിയതോടെ സി.ബി.ഐ ഉദ്യോഗസ്ഥരിലേക്ക് കോൾ കൈമാറുകയാണെന്ന് അറിയിച്ചു.

തുടർന്ന് ഡിജിറ്റൽ കസ്റ്റഡിയിലാണെന്ന് അറിയിച്ച് ഓണ്‍ലൈന്‍ വിചാരണ ആരംഭിച്ചുവത്രേ. രണ്ടിനു രാത്രി 10.30വരെ വീഡിയോ കോളിലൂടെ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ ആൾ ചോദ്യം ചെയ്തു. ഇത്രയും സമയം വീഡിയോ ഓൺ ചെയ്തു വച്ചിരിക്കുകയായിരുന്നു. സിബിഐയുടെ എംബ്ലം മാത്രമാണ് മറുതലയ്ക്കലെ ഫോണിൽ തെളിഞ്ഞത്.

പിറ്റേന്നു കോടതി വിചാരണ ഉണ്ടെന്നും പറഞ്ഞിരുന്നു. പിറ്റേന്നു രാവിലെ കോടതിയാണെന്നു പറഞ്ഞ് ഓൺലൈൻ വിചാരണ ആരംഭിച്ചു. ജഡ്ജി ചമഞ്ഞെത്തിയ ആൾ മാർ കൂറിലോസിന് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചോദിച്ചു. നിരപരാധിയാണെന്ന് അറിയിച്ചതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിൽ നിലവിലെ ബാങ്ക് അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിക്കണമെന്നും അക്കൗണ്ടിലെ മുഴുവൻ തുകയും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള രഹസ്യ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിരപരാധിത്വം ബോധ്യപ്പെട്ടാൽ രണ്ടുദിവസത്തിനകം പണം തിരികെ നൽകുമെന്നും അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതിയുടെ എംബ്ലം സഹിതം ഓൺലൈനിൽ ലഭ്യമാക്കിയെന്നും മാർ കൂറിലോസ് പറഞ്ഞു.

തുടർന്ന് സിബിഐ ഉദ്യോഗസ്ഥനെന്നു പറഞ്ഞു വീണ്ടും വീഡിയോ കോളിലെത്തിയ ആൾ തന്‍റെ അക്കൗണ്ട് വിവരങ്ങൾ തേടി. ഒരു അക്കൗണ്ടിൽ നിന്നും 1.70 ലക്ഷം രൂപ സമീപദിവസങ്ങളിൽ പിൻവലിച്ചിട്ടുണ്ടെന്നും ഈ പണം കൂടി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് താൻ ബാങ്കിൽ നേരിട്ടെത്തി ആവശ്യപ്പെട്ട പണം അവർ തന്ന അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തായ മറ്റൊരു വൈദികന്‍റെ അക്കൗണ്ടിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷത്തോളം രൂപയും ട്രാൻസ്ഫർ ചെയ്തു. ഡല്‍ഹിയിലെയും ജയ്പൂരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. സുപ്രീംകോടതിയുടെ എംബ്ലം സഹിതമുള്ള രസീതും പണം അടച്ചതിനു നൽകി. ഇതെല്ലാം കണ്ടതോടെ സംഘത്തെ താൻ വിശ്വസിച്ചു പോയതായി മാർ കൂറിലോസ് പറഞ്ഞു. ആകെ 15,01,186 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടെന്നാണ് പരാതി.

Tags:    
News Summary - Geevarghese Mar Coorilos about cyber fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.