കോഴിക്കോട്: ആശുപത്രിയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയെ കുറിച്ച് മകൾ അശ്വതിയുമായി സംസാരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
എം.ടിയുടെ ചികിത്സയെയും ആരോഗ്യനിലയെയും കുറിച്ച് രാഹുൽ ഗാന്ധി മകളോട് ഫോണിൽ വിശദമായി ചോദിച്ചറിഞ്ഞു. എം.ടി എത്രയും വേഗം സുഖംപ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്ന് രാഹുൽ ഗാന്ധി ആശംസിച്ചു.
അതേസമയം, എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം എം.ടിയുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച എം.എൻ. കാരശ്ശേരി പറഞ്ഞു.
സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എം.ടിയെ സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ അവസ്ഥ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
ശ്വാസ തടസ്സത്തെ തുടർന്നാണ് 15ാം തീയതി മുതൽ എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഹൃദയസ്തംഭനം സംഭവിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.