കൊച്ചി: ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. രണ്ട് മാസത്തിനിടെ ആദ്യമായി വില പവന് 54,000 കടന്നു. വെള്ളിയാഴ്ച ഗ്രാമിന് 120 രൂപ വർധിച്ച് 6,825 രൂപയും പവന് 960 രൂപ വർധിച്ച് 54,600 രൂപയുമായി. ജൂലൈ 22നാണ് അവസാനമായി പവൻ വില 54,000 രൂപക്ക് മുകളിലെത്തിയത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര മാർക്കറ്റിലും വൻതോതിൽ വില വർധിച്ചത്. കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 59,000 രൂപ നൽകണം.
മേയ് 20ന് സ്വർണവില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന സർവകാല റെക്കോഡിലെത്തിയിരുന്നു. പിന്നീട് 53,960 രൂപയായി താഴ്ന്നു. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ചതിനെത്തുടർന്ന് ഒറ്റയടിക്ക് 51,960 രൂപയായി ഇടിഞ്ഞു. ഇതിന് ശേഷം ഇത്രവലിയ വർധന ആദ്യമാണ്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് (33.103 ഗ്രാം) സ്വർണം 2,570 ഡോളർ എന്ന റെക്കോഡ് നിരക്കിലെത്തി. 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് ബാങ്ക് നിരക്ക് 75 ലക്ഷം രൂപ കടന്നു. 2024 ജനുവരി ഒന്നിന് 2063 ഡോളർ ആയിരുന്നു അന്താരാഷ്ട്ര വില. അതിന് ശേഷം 507 ഡോളറിന്റെ വർധനവുണ്ടായി. 2024 ജനുവരി ഒന്നിന് ആഭ്യന്തര വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 5855 രൂപയും പവന് 46,840 രൂപയുമായിരുന്നു. എട്ട് മാസത്തിനിടെ ഗ്രാമിന് 970 രൂപയും പവന് 7760 രൂപയും വർധിച്ചു.
യു.എസ് പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണം പുതിയ റെക്കോഡ് ഉയരത്തിലെത്തിയത്. വില കൂടുന്നത് വിൽപ്പനയെ കാര്യമായി ബാധിക്കാറില്ലെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ.എസ്. അബ്ദുൽനാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.