തിരുവനന്തപുരം: ട്രെയിനിൽ യുവതികളെ മയക്കിക്കിടത്തിയശേഷം പതിനാറര പവൻ സ്വർണവും മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. റെയിൽവേ പൊലീസ് എസ്.പി ഗോപകുമാറിെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി, സി.ഐമാർ അടങ്ങുന്ന പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. തമിഴ്നാട് - കർണാടക കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഗുജറാത്ത് സൂറത്ത് സ്വദേശി അഗ്സർ ബഗ്ഷയാണ് കവർച്ചക്ക് പിന്നിലെന്ന നിഗമനത്തിലാണ് റെയിൽവേ പൊലീസ്. ഇയാൾക്കെതിരെ ഗോവ, കോയമ്പത്തൂർ, മധുര, ചെന്നൈ സ്റ്റേഷനുകളിലും സമാന കേസുകളുണ്ട്. ഇയാളുടെ വിരലടയാളമടക്കം ശേഖരിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇതിന് പുറമെ തിരുപ്പതി മുതൽ പാലക്കാട് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പാലക്കാടുനിന്ന് ഒരുസംഘം തിങ്കളാഴ്ച കോയമ്പത്തൂരിലേക്ക് തിരിച്ചു.
ഞായറാഴ്ച പുലർച്ചയാണ് നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിൽ മാതാവും മകളും ഉൾപ്പെടെ മൂന്ന് സ്ത്രീകളെ മയക്കിക്കിടത്തി 16.5 പവൻ ആഭരണങ്ങളും മൂന്ന് മൊബൈൽ ഫോണും 1500 രൂപയും കവർന്നത്. ആഗ്രയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മി (45), മകൾ അഞ്ജലി (20) എന്നിവരിൽനിന്നാണ് സ്വർണം നഷ്ടമായത്. കൂടാതെ 29,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും 1500 രൂപയും കള്ളൻ കൊണ്ടുപോയി.
ആലുവ സ്വദേശി കൗസല്യയുടെ (23) 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു. മോഷണം ഭയന്ന് പാൻറ്സിൽ പ്രത്യേകം തയ്പിച്ച അറക്കകത്താണ് വിജയലക്ഷ്മി സ്വർണം െവച്ചിരുന്നത്. ഈ അറ കത്തി കൊണ്ട് കീറിയാണ് സ്വർണാഭരണങ്ങൾ കവർന്നത്. ഉറങ്ങിയസമയത്ത് എന്തെങ്കിലും സ്പ്രേ മുഖത്തടിച്ച് മയക്കിയശേഷമാകാം കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് റെയിൽവേ പൊലീസ്.
പാൻറ്സിലെ പ്രത്യേക അറ മോഷ്ടാവ് എങ്ങനെ തിരിച്ചറിഞ്ഞെന്ന സംശയവും റെയിൽവേ പൊലീസിനുണ്ട്. എസ് 1 കോച്ചിലാണ് വിജയലക്ഷ്മിയും മകളും സഞ്ചരിച്ചിരുന്നത്. കൗസല്യ എസ് 2വിലും.
തങ്ങളുടെ കോച്ചിൽ അസ്ഗർ ബഗ്ഷയെ പോലൊരാളെ കണ്ടിരുന്നതായാണ് വിജയലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. റിസർവേഷൻ ചാർട്ട് പരിശോധിച്ചതിൽനിന്ന് അസ്ഗർ ബഗ്ഷ ട്രെയിനിൽ ഉണ്ടായിരുന്നെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇങ്ങനെയൊരാൾ ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്ന നിലപാടിലാണ് ടി.ടി.ഇയും. വിദഗ്ധരെത്തി രണ്ട് ബോഗിയിൽനിന്നും വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.