വൈത്തിരി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പൊലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകള പുരയ്ക്കൽ റാഷിദ് (31), പാറക്കുന്ന്, നിലാപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷമീർ (34), കരിയാട്ട് പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർ മഠം വീട്ടിൽ മുബഷിർ (31), ഒളിയ മട്ടത്തിൽ വീട്ടിൽ സൈജു (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ ശിഹാബിൽനിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽനിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിന് കാരണം. ഇത് ചോദിക്കാൻ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും പൊഴുതനയിൽ വെച്ച് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ അരീക്കോട്, മൂർക്കനാട് നടുത്തൊടിക വീട്ടിൽ എൻ.ടി. ഹാരിസിന്റെ (29) പരാതി പ്രകാരം റാഷിദിനെയും കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത്. റാഷിദിന്റെ പരാതിയിൽ മലപ്പുറത്ത് നിന്നെത്തിയ ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള നടപടി തുടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പൊഴുതന, പെരുങ്കോടയിൽവെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. റാഷിദ് സഞ്ചരിച്ച കാറിനെ എട്ടംഗസംഘം രണ്ടു കാറുകളിലായി പിന്തുടർന്ന് തടഞ്ഞുനിർത്തി ആയുധങ്ങളുമായി അക്രമം തുടങ്ങി. അതേസമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവിൽ, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിൻവലിഞ്ഞു ഓടിപ്പോവുകയായിരുന്നു.
സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന എൻ.ടി. ഹാരിസിനെ (29) റാഷിദും സംഘവും ഡ്രൈവർ സീറ്റിൽ നിന്നും വലിച്ചിറക്കി കാർ തല്ലിപ്പൊളിച്ചു. തുടർന്ന്, ഇയാളെ കാറിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ തേയില തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മർദിക്കുകയും ചെയ്തു. പരിക്കുപറ്റിയ ഹാരിസിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരു കൂട്ടർക്കുമെതിരെ വധശ്രമത്തിനാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, സബ് ഇൻസ്പെക്ടർമാരായ പ്രശോഭ്, എൻ.കെ. മണി, അഷ്റഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാലു ഫ്രാൻസിസ്, അയ്യൂബ്, സുജേഷ്, സുരേഷ്, സാബിത്, നാസർ, ഷൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.