പന്തളം: സി.പി.എം നിയന്ത്രണത്തിലെ സർവിസ് സഹകരണ ബാങ്കിലെ സ്വർണ തിരിമറിയെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന മേധാവിക്ക് റിപ്പോർട്ട് നൽകി. ജനുവരി 20, 23, 24 തീയതികളിൽ മൂന്നുദിവസങ്ങളിലായി 15 ലക്ഷം രൂപക്ക് തുമ്പമൺ കത്തോലിക്ക സിറിയൻ ബാങ്കിൽ സഹകരണ ബാങ്കിലെ ജീവനക്കാരനായ അർജുൻ പ്രമോദ് സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10ന് 18 ലക്ഷം രൂപ അടച്ച് സ്വർണാഭരണങ്ങൾ തിരികെ എടുത്ത് ബാങ്കിൽ എത്തിക്കുകയും ചെയ്തു. ബാങ്ക് ഓഡിറ്റിൽ സ്വർണാഭരണങ്ങൾ ഭദ്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രി ബാങ്കിൽ ഭരണസമിതി നടത്തിയ പരിശോധനയിൽ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ജീവനക്കാരനായ അർജുൻ പ്രമോദ് സ്വർണാഭരണങ്ങൾ കടത്തുന്നത് സ്ഥിരീകരിച്ചിരുന്നു. 70 പവൻ സ്വർണം കടത്തി മറ്റ് ബാങ്കിൽ പണയം വെച്ച് പണം തട്ടിയതായായിരുന്നു കണ്ടെത്തൽ.എന്നാൽ, സംഭവം വിവാദമായതോടെ മോഷണം നടന്നിട്ടില്ലെന്നും കേടായ സി.സി.ടി.വി പരിശോധിക്കാനാണ് അർധരാത്രി ബാങ്കിൽ എത്തിയതെന്നുമായിരുന്നു വിശദീകരണം.
യു.ഡി.എഫും ബി.ജെ.പിയും സമരം ശക്തമാക്കിയതോടെ മോഷണം നടന്നിട്ടില്ലെന്ന ബാങ്കിന്‍റെ വിശദീകരണം ആവർത്തിക്കുകയും ചെയ്തു. എന്നാൽ, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാറിന്‍റെ ബാങ്കിൽ തട്ടിപ്പ് നടന്നതായ ശബ്ദസംഭാഷണം പുറത്തുവന്നതോടെ ബാങ്ക് ഭരണസമിതി ഊരാക്കുടുക്കിലായി. മോഷണം നടത്തിയ അർജുൻ പ്രമോദിനെ സംരക്ഷിക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും അറിയിച്ചതോടെ ബാങ്ക് ഭരണസമിതി പ്രതികരണത്തിൽനിന്ന് പൂർണമായും ഒഴിഞ്ഞുമാറുകയായിരുന്നു.
പന്തളം: സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പന്തളം പൊലീസിൽ പരാതി നൽകി.പണയ സ്വർണത്തിൽ തട്ടിപ്പ് നടന്നതായി വിശ്വസനീയ വിവരങ്ങൾ ലഭിച്ചിട്ടും ഭരണസമിതി പരാതി നൽകാത്തത് അവർക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുള്ളതുകൊണ്ടാണ്.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവുകൾ ലഭ്യമാണ്. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ചെയർമാൻ എ. നൗഷാദ് റാവുത്തർ എസ്.എച്ച്.ഒ എസ്. ശ്രീകുമാറിനു നൽകിയ പരാതിയിൽ പറയുന്നു.
പന്തളം: സർവിസ് സഹകരണ ബാങ്കിലെ സ്വർണ തിരിമറി പൊലീസ് കേസെടുത്ത് അന്വേഷിക്കാത്ത പക്ഷം ഹൈകോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വമേധയാ കേസെടുക്കാൻ പൊലീസിന് കഴിയുമെങ്കിലും സി.പി.എമ്മിനെ സഹായിക്കാൻ ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു. സമഗ്ര അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ബാങ്ക് ഭരണ സമിതി രാജിവെക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ് നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് പന്തളം ജങ്ഷനിൽ പ്രതിഷേധ സംഗമം നടത്തുമെന്നും നേതാക്കളായ എ. നൗഷാദ് റാവുത്തർ, കെ.എസ്. ശിവകുമാർ, ജി. രഘുനാഥ്, എ. ഷാജഹാൻ, പന്തളം മഹേഷ്, കെ.ആർ. വിജയകുമാർ, പന്തളം വാഹിദ്, ബൈജു മുകുടിയിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.