മാവൂർ: പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിനുമുമ്പ് ഗൂഗ്ൾ മാപ്പിൽ റൂട്ട് കാണിച്ചുതുടങ്ങിയതോടെ വട്ടംചുറ്റി യാത്രക്കാർ. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനുകുറുകെ എളമരം കടവിൽ നിർമാണം പൂർത്തിയാകുന്ന പാലമാണ് ഗൂഗ്ൾ മാപ്പിൽ 'തുറന്നുകൊടുത്തത്'. കഴിഞ്ഞദിവസം മുതലാണ് ഗൂഗ്ൾമാപ്പിൽ പാലം വഴി റൂട്ട് കാണിച്ചുതുടങ്ങിയത്. ദീർഘദൂര യാത്രക്കാരും വിനോദസഞ്ചാരികളും ഈ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ പാലത്തിലെത്തി തിരിച്ചുപോകേണ്ട അവസ്ഥയാണ്. മേയ് അവസാനമാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. നിർമാണപ്രവൃത്തി ഇപ്പോൾ അവസാനഘട്ടത്തിലാണ്. പാലത്തിലെത്തുമ്പോഴാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെന്ന വിവരം യാത്രക്കാർ അറിയുന്നത്.
പാലം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് മാപ്പിൽ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും വിശദമായ പരിശോധനയിലേ ഇത് ശ്രദ്ധയിൽപെടൂ. കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കാനുള്ളവർ ഗൂഗ്ൾ മാപ്പ് നോക്കി എടവണ്ണപ്പാറവഴി എളമരം കടവിലെത്തിയാൽ കിലോമീറ്ററുകൾ തിരിച്ചോടേണ്ട സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങൾക്ക് എളമരം കടവിലെ ബോട്ടുവഴി മറുകരയെത്താമെങ്കിലും മറ്റുവാഹനങ്ങൾ ഊർക്കടവുവഴിയോ കീഴുപറമ്പുവഴിയോ തിരിച്ചുപോകേണ്ട അവസ്ഥയാണ്. ദിനേന നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ എത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ളവരും വയനാട്ടിലേക്കും മറ്റുമുള്ള യാത്രക്കാരും അബദ്ധത്തിൽപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.