കെ.സുധാകരൻ ക്ഷണിച്ചാൽ ചർച്ചക്ക് തയ്യാറാകുമെന്ന്​ എ.വി ഗോപിനാഥ്

കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ ക്ഷണിച്ചാൽ താൻ ചർച്ചക്ക് തയ്യാറാകുമെന്ന്​ കോൺഗ്രസ്​ വിട്ട എ.വി ഗോപിനാഥ്. ഡി.സി.സി പ്രസിഡന്‍റ്​ നിയമനവുമായി ബന്ധപ്പെട്ട്​ കോൺ​ഗ്രസിൽ നിന്ന്​ രാജിവെച്ച പാലക്കാടുനിന്നുള്ള നേതാവാണ്​ എ.വി ഗോപിനാഥ്​. കോൺഗ്രസ്​ വിട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്​ത്തുകയും സി.പി.എമ്മുമായി അകൽച്ചയില്ലെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. അതിന്​ ശേഷം, ആദ്യമായാണ്​ കോൺഗ്രസ്​ നേതൃത്വവുമായുള്ള നിലപാട് അദ്ദേഹം​ മയപ്പെടുത്തുന്നത്​. മീഡിയവൺ ചാനലിലെ പരിപാടിയിലാണ്​ ഗോപിനാഥിന്‍റെ പ്രതികരണം.

കെ. സുധാകരൻ താൻ മനസിൽ പ്രതിഷ്ഠിച്ച നേതാവാണെന്നും അദ്ദേഹം ക്ഷണിച്ചാൽ എവിടെയും ചർച്ചക്ക് തയ്യറാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു. പരസ്യ പ്രതികരണവുമായി വന്ന നേതാക്കൾക്കെതിരെ ഉടൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അച്ചടക്ക നടപടി എടുത്തെങ്കിലും പാർട്ടിയിൽ നിന്നും രാജിവെച്ച ഗോപിനാഥിനെ കൈവിടില്ലെന്നാണ് സുധാകരൻ പ്രതികരിച്ചത്. പ്രാദേശികമായി ജനപിന്തുണ ഉള്ള നേതാവായതിനാൽ പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും എ.വി ഗോപിനാഥിനെ പരസ്യമായി തള്ളി പറഞ്ഞിട്ടില്ല.

അതേസമയം ഗോപിനാഥ് കോൺഗ്രസ് വിട്ട നടപടിയെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. മത നിരപേക്ഷ നിലപാട് സംരക്ഷിക്കുന്ന തീരുമാനം ഗോപിനാഥ് സ്വീകരിക്കുമെന്ന് പ്രതീഷിക്കുന്നതായും സി.പി.എം ജില്ല കമ്മറ്റി ഫെയ്സ്ബുക്കിൽ കുറിച്ചു.

നേരത്തെ, നിയമസഭാതെരഞ്ഞെടുപ്പിൽ സ്​ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും എ.വി ഗോപിനാഥ്​ കോൺഗ്രസ്​ നേതൃത്വവുമായി ഉടക്കിയിരുന്നു. അന്ന്​, കെ. സുധാകരൻ വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിലും പരിഹാരമായിരുന്നില്ല.  അർധരാത്രി പാലക്കാടെത്തി ഉമ്മൻചാണ്ടി നടത്തിയ നീക്കത്തിലൂടെയാണ്​ ഗോപിനാഥിനെ അന്ന്​ അനുനയിപ്പിച്ചത്​. 


Tags:    
News Summary - gopinath express readiness to discuss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.