തിരുവനന്തപുരം: കുടിശ്ശിക കുമിഞ്ഞ് സർക്കാർ കരാറുകാർ തീരാകടത്തിലേക്ക്. സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾക്കുവേണ്ടി പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബിൽ മാറാത്തതിനാൽ 500ൽപരം കരാറുകാരുടെ ബാങ്ക് അക്കൗണ്ടുകൾ നിർജീവമായി (നോൺ പെർഫോമിങ് അക്കൗണ്ട്സ്-എൻ.ഡി.എ).
സംസ്ഥാനത്താകമാനം 10,000ത്തോളം സർക്കാർ കരാറുകാരാണുള്ളത്. വൻതുക പലിശക്കെടുത്തും മറ്റും പൂർത്തിയാക്കിയ 15,000 കോടിയോളം രൂപയുടെ ബില്ലുകൾ കുടിശ്ശികയായതായി ഇവർ പറയുന്നു. ജലവിഭവം, തദ്ദേശം, പൊതുമരാമത്ത്, സിവിൽ സൈപ്ലസ് തുടങ്ങിയ വകുപ്പുകളിലെ ബില്ലുകളാണ് പ്രധാനമായും കുടിശ്ശിക. ജലവിഭവവകുപ്പിൽ 18 മാസത്തെയും പൊതുമരാമത്ത് വകുപ്പിൽ എട്ടു മാസത്തെയും ബിൽ മാറാനുണ്ട്.
കൊച്ചിൻ കോർപറേഷന്റെ 41 മാസത്തെ ബില്ലുകൾ മാറിയിട്ടില്ല. കുടിശ്ശിക തീർക്കുന്നതോടൊപ്പം സംസ്ഥാന ബജറ്റിൽ ഇതുസംബന്ധിച്ച കണക്ക് വെളിപ്പെടുത്തണമെന്നാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ആവശ്യം. പ്രവൃത്തികൾ ബഹിഷ്കരിക്കുന്നതടക്കം പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കാനാണ് കരാറുകാരുടെ തീരുമാനം. ഏറ്റെടുത്ത അറ്റകുറ്റപ്പണി പൂർത്തിയാക്കി പൂർണമായും പ്രവൃത്തി ബഹിഷ്കരിക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമയി നടക്കുന്ന പ്രവൃത്തികളുടെ ബിൽ സമർപ്പിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ വരുന്ന ട്രെയ്ഡ് റിസീവബിൾസ് ഇലക്ട്രോണിക് ഡിസ്കൗണ്ടിങ് സിസ്റ്റം (ട്രെഡ്സ് ) കേന്ദ്ര സർക്കാറും പൊതുമേഖല സ്ഥാപനങ്ങളും സംസ്ഥാന വ്യവസായ വകുപ്പും നടപ്പാക്കുന്നുണ്ട്.
ദേശീയപാത 66ന്റെ പ്രവൃത്തികൾ ഏറ്റെടുത്ത 16 കമ്പനികൾക്ക് സംസ്ഥാനത്ത് ഈ സൗകര്യം ലഭിക്കുന്നുണ്ട്. എന്നാൽ, സംസ്ഥാന സർക്കാറും പൊതുമേഖല സ്ഥാപനങ്ങളും വരുത്തുന്ന അനിശ്ചിതമായ കുടിശ്ശിക മൂലം കരാറുകാരടക്കം നിരവധി സംരംഭകർ കഷ്ടപ്പെടുന്നു.
കണ്ടിൻജൻസി ഫണ്ടിൽനിന്ന് പോലും (ആകസ്മിക ചെലവുകൾക്കുവേണ്ടിയുള്ള ഫണ്ട്) പണമെടുത്ത് കരാറുകാരുടെ ബിൽ തുക നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും എത്ര തുക നൽകാനുണ്ടെന്ന കണക്കുപോലും വെളിപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലത്രെ. അതേസമയം, പൊതുജനം സർക്കാന്റിനും പൊതുമേഖല സ്ഥാപനങ്ങൾക്കും കുടിശ്ശിക വരുത്തിയാൽ വൻപിഴയും പിഴപ്പലിശയും ഈടാക്കുന്നുണ്ട്.
വർധിച്ച കൂലിച്ചെലവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും സംസ്ഥാനത്ത് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് സർക്കാർ കോടികളുടെ കുടിശ്ശിക വരുത്തുന്നത്. 2018ലെ ഡി.എസ്.ആർ (ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്) അനുസരിച്ചാണ് സംസ്ഥാനത്തെ സർക്കാർ പ്രവൃത്തികളുടെ നിരക്ക് നിശ്ചയിക്കുന്നത്. ഇതിന് 10 ശതമാനമാണ് കരാറുകാരുടെ ലാഭവിഹിതം. അതേസമയം, 2023ലെ ഡി.എസ്.ആർ അനുസരിച്ചാണ് കേന്ദ്ര ഗവ. കരാറുകാരുടെ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.