തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളെ സ്വാശ്രയ കോളജുകളുടെ പട്ടികയിൽനിന്ന് മാറ്റി പ്രത്യേക കാറ്റഗറിയാക്കുന്നു. എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ ഈ കോളജുകളെ സ്വാശ്രയ കോളജുകളായാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവ സ്വകാര്യ സ്വാശ്രയ കോളജുകൾക്ക് തുല്യമായ ഫീസിൽ പ്രവേശനം നൽകുന്ന കോളജുകളാണെന്ന ധാരണ കുട്ടികളിൽ പരത്തുന്നുവെന്ന നിലയിലാണ് ഇവയെ 'ഗവൺമെൻറ് കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകൾ' എന്ന വിഭാഗമാക്കി പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
സ്വകാര്യ സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ ഫീസ് നിരക്ക് കുറവാണെന്ന് കാണിച്ച് ഐ.എച്ച്.ആർ.ഡി, കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്), എൽ.ബി.എസ് എന്നിവയുടെ ഡയറക്ടർമാർ സർക്കാറിന് കത്ത് നൽകുകയും കാറ്റഗറി മാറ്റാൻ ശിപാർശ ചെയ്യുകയുമുണ്ടായി. വിഷയം കഴിഞ്ഞമാസം 22ന് ചേർന്ന കീം പ്രോസ്പെക്ടസ് പരിഷ്കരണ കമ്മിറ്റി ചർച്ച ചെയ്തു. ഈ സാഹചര്യത്തിലാണ് മാറ്റം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ഐ.എച്ച്.ആർ.ഡിക്കും കേപിനും കീഴിൽ ഒമ്പത് വീതവും എൽ.ബി.എസിന് കീഴിൽ രണ്ടും എൻജിനീയറിങ് കോളജുകളാണുള്ളത്. ഇതിന് പുറമെ സർക്കാർ നിയന്ത്രണത്തിലുള്ള സി.സി.ഇ.കെക്ക് കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജും കെ.എസ്.ആർ.ടി.സിക്ക് കീഴിൽ തിരുവനന്തപുരം പാപ്പനംകോട് പ്രവർത്തിക്കുന്ന എസ്.സി.ടി എൻജിനീയറിങ് കോളജും ഗവ. കോസ്റ്റ് ഷെയറിങ് കോളജുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ എൻജിനീയറിങ് കോളജുകളെ ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ നിയന്ത്രിത കോളജുകളിൽ പലതും കുട്ടികളെ കിട്ടാതെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പുതിയ മേൽവിലാസത്തിൽ കൂടുതൽ കുട്ടികളെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് പ്രോസ്പെക്ടസിൽ പ്രത്യേക പരിഗണന നൽകുന്നത്.
ഐ.എച്ച്.ആർ.ഡിയും സി.സി.ഇ.കെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലും കേപ് സഹകരണ വകുപ്പിന് കീഴിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.