തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗ അതിക്രമം തടയൽ നിയമം നടപ്പാക്കുന്നതിൽ സർക്കാർ പരാജയമെന്ന് ഭരണപരിഷ്കാര കമീഷൻ. വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമീഷൻ സർക്കാറിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമത്തിന് കീഴിലുള്ള കേസുകളുടെ ശിക്ഷാനിരക്ക് വളരെ കുറവാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കമീഷൻ സർക്കാറിനോട് ശിപാർശ ചെയ്തു. കേസുകളിൽ ശാസ്ത്രീയവും ശക്തവുമായ അന്വേഷണം, കുറ്റപത്രം തയാറാക്കുന്നതിലെ സമഗ്രത, കേസിെൻറ ശരിയായ മുന്നോട്ടുപോക്ക് തുടങ്ങിയവ സർക്കാർ ഉറപ്പുവരുത്തണം.
പ്രതികൾ കുറ്റമുക്തരാകുന്നത് ഇരകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അത് അതിക്രമങ്ങൾ വർധിക്കാൻ കാരണമാകും. കേസന്വേഷണം മെച്ചപ്പെടുത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണം. ശിക്ഷാനിരക്ക് മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണം.
ഇരകൾക്ക് നിയമസഹായം നൽകുന്നതിന് താലൂക്ക്-പഞ്ചായത്ത് തലത്തിൽ അഭിഭാഷകരുടെ പാനലുണ്ടാക്കണം. പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018ൽ 1583 കേസ് രജിസ്റ്റർ ചെയ്തതിൽ 608ൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. പട്ടികവർഗക്കാരുടെ കാര്യത്തിൽ ഇത് 283ൽ 175 കേസിലാണ് കുറ്റപത്രം നൽകിയത്.
2018 അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട 2594 കേസുകളിലും ആദിവാസികളുടെ 448 കേസുകളിലും വിചാരണ പൂർത്തിയായില്ല. അതിക്രമങ്ങൾക്ക് ഇരയായവർക്ക് ആശ്വാസം നൽകുന്ന തരത്തിൽ ഏഴുദിവസത്തിനകം പുരനധിവാസം ഉറപ്പാക്കണം. 2017ൽ ഇരകളിൽ രണ്ടുപേർക്ക് മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.