ജനങ്ങളുടെ പരിശോധനക്ക് സർക്കാർ ഫയലുകൾ ലഭ്യമാക്കണം- വിവരാവകാശ കമീഷണർ

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് സർക്കാർ ഫയലുകൾ പരിശോധിക്കാനും പകർപ്പെടുക്കാനും അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽഹക്കിം. ആലപ്പുഴ ജില്ലാതല ക്യാമ്പ് സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം ഘട്ടത്തിൽ അവരെ തടയാൻ ഓഫീസർമാർക്ക് അധികാരമില്ലെന്നും കമീഷണർ വ്യക്തമാക്കി.

സർക്കാർ ഓഫീസിലെ ഫയലുകൾ വകുപ്പു മേധാവികളും എ.ജിയും പരിശോധിക്കുന്നതുപോലെ പൊതുജനത്തിന് പരിശോധിക്കാൻ അനുമതി നല്കിയതാണ് 2005 ലെ വിവരാവകാശ നിയമം. ഈ നിയമം രണ്ടു പതിറ്റാണ്ടു കൊണ്ട് രാജ്യത്ത് നിരവധി അഴിമതികൾ പുറത്തുകൊണ്ടുവരാനും പുതിയ പല അഴിമതികളും തടയാനും ഉപകരിച്ചിട്ടുണ്ട്. ജനാധിപത്വത്തിൻറെ അഞ്ചാമത്തെ സ്തംഭമായി ജനങ്ങളെ സ്ഥാപിച്ച വിപ്ലവമാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമായതെന്നും ഹക്കിം വിശദീകരിച്ചു.

സിറ്റിങ്ങിൽ പരിഗണിച്ച 17 കേസുകളിൽ 11 എണ്ണം തീർപ്പാക്കി. അറിയിപ്പില്ലാതെ വ്യവസായ സ്ഥാപത്തിൻറെ വൈദ്യുതി വിഛേദിക്കുകയും അതുസംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകൾ ഹാജരാക്കാതിരിക്കുകയും ചെയ്ത കായംകുളം കെ.എസ്.ഇ. ബി ഓഫീസർമാർ ഒക്ടോബർ 30 ന് ബന്ധപ്പെട്ട ഫയലുകളുമായി തിരുവനന്തപുരത്തെത്തി കമീഷനെ നേരിൽ കാണണം.

ചെങ്ങന്നൂർ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇൻഫർമേഷൻ ഓഫീസറെ നിയമം 20(1) പ്രകാരം ശിക്ഷിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നല്കും. ചേർത്തല,ചെങ്ങനൂർ താലൂക്ക് ഓഫീസുകൾ, കലക്ടറേറ്റ് എന്നിവിടങ്ങിൽ നിന്ന് മൂന്ന് അപേക്ഷകർക്ക് ലഭിക്കാനുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 14 ദിവസം അനുവദിച്ചു. മൂന്ന് അപേക്ഷകർക്ക് വിവരം തത്ക്ഷണം ലഭ്യമാക്കി.

Tags:    
News Summary - Government files should be made available for people's inspection - Information Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.