തിരുവനന്തപുരം: രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന ചിലത് സർക്കാർ ചെയ്തെന്ന ഗവർണറുടെ പരാമർശത്തോടെ സർക്കാർ-ഗവർണർ പോര് പുതിയതലത്തിലേക്ക്. ഗവർണറുടെ പ്രസ്താവനക്ക് പിന്നാലെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആറ് ചോദ്യങ്ങളുമായി എത്തിയതോടെ കേരള സർവകലാശാലയും വിവാദത്തിെൻറ ഭാഗമായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി.ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകിയിരുന്നോ എന്നും നിർദേശം സർക്കാർ ഇടപെടലിനെ തുടർന്ന് വൈസ് ചാൻസലർ നിരാകരിച്ചിരുന്നോ എന്നുമാണ് ചെന്നിത്തലയുടെ ആറ് ചോദ്യങ്ങളിൽ പ്രധാനം. ഗവർണറുടെ പ്രസ്താവനയും ചെന്നിത്തലയുടെ ചോദ്യവും ചേരുന്നതോടെ സർക്കാർ-ഗവർണർ പോരിലേക്ക് നയിച്ചത് ഡി.ലിറ്റ് നിർദേശം സർക്കാർ തള്ളിയതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ 23നാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. രാവിലെ പി.എൻ. പണിക്കർ പ്രതിമ അനാച്ഛാദനവും വൈകീട്ട് പത്മനാഭസ്വാമി ക്ഷേത്രദർശനവും മാത്രമായിരുന്നു പരിപാടികൾ. അന്ന് രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി 24ന് രാവിലെ പത്തരക്കാണ് മടങ്ങിയത്. തിരുവനന്തപുരത്ത് വരുന്ന രാഷ്ട്രപതിക്ക് ഓണററി ഡി.ലിറ്റ് നൽകുന്നത് പരിഗണിക്കണമെന്ന നിർദേശം ചാൻസലറായ ഗവർണർ കേരള സർവകലാശാല വി.സിക്ക് മുന്നിൽവെച്ചെന്നും, തനിക്ക് തീരുമാനമെടുക്കാനാകില്ലെന്നറിയിച്ച വി.സി വിഷയം സർക്കാറിെൻറ ശ്രദ്ധയിൽകൊണ്ടുവരികയുമായിരുന്നെന്നും അഭ്യൂഹം ഉയർന്നിരുന്നു.
എന്നാൽ ഡി.ലിറ്റ് നൽകുന്നതിന് സർക്കാറിൽനിന്ന് അനുകൂല സന്ദേശം ലഭിക്കാതെ വന്നതോടെ ഗവർണറുടെ നിർദേശം അംഗീകരിക്കുന്നതിലെ അസൗകര്യം വി.സി ഗവർണറെ അറിയിച്ചതായുമാണ് അഭ്യൂഹം പരന്നത്. എന്നാൽ ഇക്കാര്യം കേരള സർവകലാശാലയോ രാജ്ഭവനോ സ്ഥിരീകരിക്കാൻ തയാറായില്ല. കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ പരാമർശവും പിന്നാലെ രമേശ് ചെന്നിത്തല ഉയർത്തിയ ചോദ്യങ്ങളും അഭ്യൂഹങ്ങൾക്ക് പിന്നിൽ വസ്തുതയുണ്ടോ എന്ന സംശയം ബലപ്പെടാൻ വഴിവെക്കുകയാണ് ചെയ്തത്.
കണ്ണൂർ, കാലടി വി.സി നിയമന വിവാദങ്ങൾ ആയുധമാക്കി ഗവർണർ സർക്കാറിനെതിരെ രംഗത്തുവന്നതിൽ കാര്യമായ പ്രതികരണത്തിന് സർക്കാർ മുതിരാതിരുന്നത് കേരള സർവകലാശാലയിലെ ഡി.ലിറ്റ് വിഷയമാണെന്നും പ്രചാരണം ശക്തമായിരുന്നു. രാജ്ഭവൻ നീക്കത്തിന് പിന്നിൽ ചിലരുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ അനുരഞ്ജനത്തിന് മുൻകൈ എടുക്കാതിരുന്നത്. ഡി.ലിറ്റ് നൽകുന്നതിൽ ചാൻസലറായ ഗവർണറുടെ അഭിപ്രായം സർക്കാർ അട്ടിമറിച്ചതാണ് പരസ്യപോരിലേക്ക് വഴിതുറന്നത്. സർക്കാർ ചെയ്ത, രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന നടപടി എന്തെന്ന് ഗവർണർ വ്യക്തമാക്കുമോ എന്നത് നിർണായകമാണ്.
ശിപാർശ തടഞ്ഞിട്ടില്ല -മന്ത്രി ബിന്ദു
തേഞ്ഞിപ്പലം: രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാൻ സർക്കാർ വിസമ്മതിച്ചതാണ് ഗവർണറുമായുള്ള ഏറ്റുമുട്ടലിന് കാരണമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ശിപാർശ സർക്കാർ തടഞ്ഞിട്ടില്ലെന്ന് മന്ത്രി തേഞ്ഞിപ്പലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിലിറ്റ് നൽകൽ സർവകലാശാലകളുടെ സെനറ്റും സിൻഡിക്കേറ്റുമാണ് തീരുമാനിക്കുന്നത്. സ്വയംഭരണ സ്ഥാപനമായ സർവകലാശാലകളുടെ തീരുമാനങ്ങളിൽ ഇടപെടാറില്ല. ഡിലിറ്റുമായി ബന്ധപ്പെട്ട് സർവകലാശാല സർക്കാറിനോട് അഭിപ്രായം തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഓണററി ബിരുദം നടപടിക്രമം
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കാണ് സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം ഓണററി ബിരുദം നൽകുക. സർവകലാശാല സിൻഡിക്കേറ്റാണ് ശിപാർശ നൽകേണ്ടത്. മൂന്നിൽ രണ്ടിൽ കുറയാത്ത അംഗങ്ങൾ പങ്കെടുത്ത സെനറ്റ് യോഗം ശിപാർശ അംഗീകരിക്കുകയും ചാൻസലറായ ഗവർണർ അംഗീകരിക്കുകയും വേണം. ചാൻസലർ കൈയൊപ്പ് പതിച്ചാണ് ഓണററി ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നത്. ശാസ്ത്ര മേഖലകളിൽ സംഭാവനയർപ്പിച്ചവർക്ക് ഡി.എസ്സി ബിരുദവും നിയമ മേഖലയിലുള്ളവർക്ക് എൽഎൽ.ഡി ബിരുദവും മറ്റ് മേഖലകളിലുള്ളവർക്ക് ഡി.ലിറ്റ് ബിരുദവുമാണ് സമ്മാനിക്കുക. സർവകലാശാലയുടെ പരമോന്നത ബഹുമതിയായാണ് ഇവ പരിഗണിക്കുന്നത്.
ചോദ്യവുമായി ചെന്നിത്തല
കൊല്ലം: സർക്കാർ ഗവർണർ തർക്കത്തിൽ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ വ്യക്തത വരുത്താൻ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയണം. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകിയിരുന്നോ?. ഗവർണറുടെ നിർദേശം സർക്കാർ ഇടപെടലിനെ തുടർന്ന് വൈസ് ചാൻസലർ നിരാകരിച്ചോ?
ഗവർണറുടെ നിർദേശം സിൻഡിക്കേറ്റിെൻറ പരിഗണനക്ക് വെക്കുന്നതിന് പകരം വി.സി സർക്കാറിെൻറ അഭിപ്രായം തേടിയോ?. എങ്കിൽ അത് ഏത് നിയമത്തിെൻറ പിൻബലത്തിൽ? ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാറിന് അവകാശമുണ്ടോ? കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ സംസ്കൃത സർവകലാശാല വി.സി കാലാവധി തീരും മുമ്പ് മൂന്നുപേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്ക് സമർപ്പിച്ചിരുന്നോ? എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്? ഈ പട്ടികക്ക് ഗവർണറുടെ അനുമതി കിട്ടാത്തതിെൻറ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.