കൊച്ചി: മൂന്നാറിൽ ലൗഡെയ്ൽ റിസോർട്ട് കൈയേറിയ ഭൂമിയും കെട്ടിടവും മൂന്നാർ വില്ലേജ് ഒാഫിസിനായി കണ്ടെത്തിയ സർക്കാർ ഭൂമിയാണെന്ന് റവന്യൂ വകുപ്പ് ഹൈകോടതിയിൽ. കാർഷികേതര ആവശ്യത്തിന് മൂന്നു വർഷത്തേക്ക് മാത്രം പാട്ടത്തിന് നൽകിയ ഭൂമിയും കെട്ടിടവും പാട്ടക്കാരൻ, വി.വി. ജോർജ് എന്നയാൾക്ക് അനധികൃതമായി കൈമാറിയതാണെന്നും ഇയാളിത് റിസോർട്ടായി മാറ്റുകയായിരുന്നുവെന്നും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കൈയേറ്റ ഭൂമിയെന്നും അനധികൃത കൈമാറ്റമെന്നുമുള്ള പേരിൽ മൂന്നാർ കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ 22 സെൻറ് ഭൂമി പതിച്ചു നൽകാനുള്ള അപേക്ഷയും അപ്പീലും റവന്യൂ അധികൃതർ തള്ളിയത് ചോദ്യം ചെയ്ത് വി.വി. ജോർജ് നൽകിയ ഹരജിയിലാണ് വിശദീകരണം.
ഹരജിക്കാരൻ സർക്കാർ ഭൂമി കൈയേറുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. തോമസ് മൈക്കിൾ എന്നയാൾക്ക് 1986ൽ മൂന്നു വർഷത്തേക്ക് കാർഷികേതര ആവശ്യത്തിന് പാട്ടത്തിന് നൽകിയ ഭൂമിയുടെ അവകാശമാണ് ഹരജിക്കാരൻ അവകാശപ്പെടുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കെട്ടിടം പാട്ടക്കാരൻ ചാരായ ഗോഡൗണായാണ് ഉപയോഗിച്ചത്. 1989ൽ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും തോമസ് മൈക്കിൾ ഭൂമിയും കെട്ടിടവും ഹരജിക്കാരന് നിയമവിരുദ്ധമായും പാട്ടക്കരാർ ലംഘിച്ചും കൈമാറി. തുടർന്ന് മൂന്നാർ പഞ്ചായത്തിൽനിന്ന് ഹോംസ്റ്റേ പ്രവർത്തിപ്പിക്കാൻ അനുമതി വാങ്ങി റിസോർട്ടാക്കി മാറ്റി.
ഇതിനിടെയാണ് ഭൂമി പതിച്ചു നൽകണമെന്ന അപേക്ഷയുമായി റവന്യൂ അധികൃതരെ സമീപിച്ചത്. മൂന്നു തവണ തഹസിൽദാറും അത്ര തവണ തന്നെ ആർ.ഡി.ഒയും അപേക്ഷ തള്ളി. ഭൂസംരക്ഷണ നിയമ പ്രകാരം പുറേമ്പാക്ക് ഭൂമിയിലാണ് ഹരജിക്കാരൻ അവകാശമുന്നയിക്കുന്നതെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
കണ്ണൻദേവൻ ഹിൽസ് വില്ലേജ് വിഭജിച്ച് മൂന്നാർ വില്ലേജുണ്ടാക്കാൻ 2014 നവംബറിൽ സർക്കാർ ഉത്തരവുള്ളതാണ്. എന്നാൽ, മൂന്നാർ പട്ടണത്തിനകത്ത് യോഗ്യമായ സ്ഥലം ഇല്ലാതിരുന്നതിനാൽ ഒാഫിസ് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം സ്ഥലം കണ്ടെത്തി വില്ലേജ് പ്രവർത്തനം ആരംഭിക്കാൻ സർക്കാറും കലക്ടറും നിരന്തരം ആവശ്യപ്പെട്ടുെകാണ്ടിരിക്കുകയാണ്. ഹരജിക്കാരൻ അവകാശപ്പെടുന്ന സ്ഥലവും െകട്ടിടവും ഒാഫിസിന് അനുയോജ്യമെന്ന നിലയിൽ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.