കടയ്ക്കൽ: അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് പട്ടികജാതി കോളനികളുടെ സമഗ്ര വികസനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കൽ പഞ്ചായത്തിലെ പുനയം കോളനിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി കോളനികളെ ദത്തെടുത്ത് പരിപാലിക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. പട്ടികജാതി വികസനവകുപ്പ് പട്ടികജാതി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതി 2021-22 സാമ്പത്തികവർഷത്തിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കടയ്ക്കൽ പഞ്ചായത്തിലെ മുകുന്നേരി വാർഡിലെ പുനയം കോളനിയെയാണ് മന്ത്രി ജെ. ചിഞ്ചുറാണി നിർദേശിച്ചത്. പദ്ധതി വിനിയോഗ തുകയായ ഒരുകോടി രൂപ ചെലവഴിച്ച് കോളനിയിൽ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ചുമതല ജില്ല നിർമിതി കേന്ദ്രത്തിനാണ്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുക, റോഡ്, ശൗചാലയം, കിണര്‍, ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണം കൂടാതെ വിദ്യാഭ്യാസപരമായ പരാധീനതകൾക്ക് പരിഹാരം കാണുക, സാംസ്കാരിക നിലയവും ലൈബ്രറികളും സ്ഥാപിക്കുക, കുടിവെള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫിസർ റീന തോമസ് പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഉഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. മാധുരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വേണു, സി.വി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാർ, വാർഡ് മെമ്പർ വി.വേണുകുമാരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.