തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരായ ഡൽഹി സമരത്തിൽ യു.ഡി.എഫ് പങ്കെടുക്കില്ലെന്നറിയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പ്രതിപക്ഷത്തെ സമരത്തിന് വിളിച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യവുമുണ്ടെന്ന് സംശയിക്കുന്നതിനാൽ പങ്കെടുക്കുന്നില്ലെന്ന് കത്തിൽ വ്യക്തമാക്കി.
വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തതിന് നന്ദിയുണ്ട്. എന്നാൽ, കേരളം നേരിടുന്ന ധന പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന മാത്രമാണ് കാരണമെന്ന നിലപാടിൽ യോജിപ്പില്ല. സർക്കാർ പറയുന്ന ചില കാര്യങ്ങളിൽ യോജിക്കുന്നു. ഇക്കാര്യങ്ങള്‍ യു.ഡി.എഫ് എം.പിമാർ ഡൽഹിയിൽ ഉന്നയിച്ചിട്ടുമുണ്ട്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂര്‍ത്തും ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഈ പ്രതിസന്ധിയിലേക്കെത്തിച്ചത്. വന്‍കിട പദ്ധതികളുടെ പേരില്‍ നടക്കുന്ന അഴിമതിയും ധൂര്‍ത്തും ധനപ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പ് മാത്രം ആശ്രയിച്ചാണ് ഇക്കഴിഞ്ഞ ഏഴ് വര്‍ഷവും സര്‍ക്കാര്‍ മുന്നോട്ടുപോയത്.
ഡല്‍ഹിയില്‍ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശം വെച്ചപ്പോൾ യു.ഡി.എഫില്‍ ചര്‍ച്ചചെയ്ത ശേഷം മറുപടി പറയാമെന്ന ധാരണയിലാണ് പിരിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ സമരത്തിന്റെ തീയതി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് രാഷ്ട്രീയ മര്യാദയല്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.