ഒത്തുചേരാൻ സായംപ്രഭ ഹോമുകൾ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങൾ, അധിക സൗകര്യങ്ങൾ നൽകി വികസിപ്പിക്കുന്നതിനും കൂടുതൽ വയോജന സൗഹൃദമാക്കുന്നതിനുമുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതിയാണ് സായംപ്രഭ ഹോം. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുന്നത്. സായംപ്രഭ ഹോമിലൂടെ വയോജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ നിരവധിയാണ്.

60 വയസ്സ് കഴിഞ്ഞവര്‍ക്ക് പകല്‍ ഒത്തുകൂടുന്നതിന് ഹോമുകൾ സൗകര്യമൊരുക്കുന്നു. വയോജനങ്ങള്‍ക്ക് മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു. വയോജന സംരക്ഷണ നിയമങ്ങളെയും മാനസികവും ശാരീരികവുമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെയും കുറിച്ച് നിയമവിദഗ്ധര്‍, പൊലീസ് ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വയോജനങ്ങൾക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന കൃത്യമായ കാലയളവുകളില്‍ നടത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വയോജനങ്ങളുടെ മറ്റ്‌ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കുന്നതിനും സായംപ്രഭ ഹോമുകളിലെ പ്രവർത്തകർ ശ്രദ്ധിക്കുന്നു.

വയോമിത്രം

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധനൽകുന്നതിനുള്ള പദ്ധതിയാണ് വയോമിത്രം. സാമൂഹിക നീതി വകുപ്പിന്റെ ഭാഗമായുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കിവരുന്നത്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും വേണ്ടിയുള്ള വിവിധ പരിപാടികൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

വയോജന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് പ്രത്യേക കരുതല്‍ നൽകുന്ന വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. കോർപറേഷൻ/ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം പദ്ധതി പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും പദ്ധതിയുടെ സേവനം ലഭിക്കും.

ക്ഷേമ സ്ഥാപനങ്ങൾ

സംരക്ഷിക്കാൻ ആരുമില്ലാത്ത വയോജനങ്ങൾക്കുവേണ്ടി സാമൂഹിക നീതി വകുപ്പ് നടത്തുന്ന ക്ഷേമ സ്ഥാപനങ്ങളാണ് വൃദ്ധമന്ദിരങ്ങൾ. അഗതികളും അനാഥരും നിരാലംബരുമായ 60 വയസ്സ് കഴിഞ്ഞവർക്ക് സർക്കാർ വൃദ്ധമന്ദിരങ്ങളിൽ പ്രവേശനം ലഭിക്കാൻ അർഹതയുണ്ട്. കുടുംബാംഗങ്ങളുടെ അവഗണനമൂലം ഒറ്റപ്പെട്ടുപോയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ വയോജനങ്ങൾക്കും പ്രവേശനം ലഭിക്കും.

അഭയ കിരണം

ആരും സംരക്ഷിക്കാനില്ലാത്ത വിധവകളെ സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് അഭയ കിരണം. വീടില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ഉത്തരവാദപ്പെട്ട കുടുംബ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കും. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സ് മുകളിൽ പ്രായമുള്ളവരായിരിക്കണം.

വിധവകളുടെ വാർഷിക വരുമാനപരിധി ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല. റേഷൻ കാർഡിന്റെ പകർപ്പ്, വില്ലേജ് ഓഫിസിൽനിന്ന് വാങ്ങിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ബി.പി.എൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. വിധവകൾ സർവിസ് പെൻഷൻ, കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ ആകരുത്. വകുപ്പ് നടപ്പിലാക്കിവരുന്ന മറ്റ് പദ്ധതികൾ പ്രകാരം ധനസഹായം ലഭിക്കുന്നവർ ആകരുത്.

വിധവകൾക്ക് പ്രായപൂർത്തിയായവരും തൊഴിൽ ചെയ്യുന്നവരുമായ മക്കൾ ഉണ്ടായിരിക്കാൻ പാടില്ല. ബന്ധുവിന്റെ പരിഗണനയിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധി അല്ലെങ്കിൽ വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകണം. പദ്ധതിയുടെ അപേക്ഷ ഫോറം wcd.kerala.gov.in എന്ന വനിതാ ശിശുവികസന വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജില്ല വനിതാ ശിശുവികസന ഓഫിസർക്ക് സമർപ്പിക്കണം.

കാതോർത്ത്

വിവിധതരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഓൺലൈനായി കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് കാതോർത്ത്. വനിതാ ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സേവനം ആവശ്യമായ സ്ത്രീകൾ www.kathorthu.wcd.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തതിനുശേഷം ആവശ്യമായ സേവനങ്ങൾ ഏതൊക്കെയാണെന്ന് അറിയിച്ച് ഓൺലൈൻ കൺസൾട്ടേഷനുള്ള സമയം തെരഞ്ഞെടുക്കാം.

ഓൺലൈൻ കൺസൾട്ടേഷൻ ലിങ്ക് ഈ മെയിൽ വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കും. വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സേവനം വയോധികരായ സ്ത്രീകൾക്കും പ്രയോജനപ്പെടുത്താം.

നവജീവൻ പദ്ധതി

മുതിർന്ന പൗരന്മാർക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതിയാണ് നവജീവൻ. കേരളത്തിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 നും 65 നുമിടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 50,000 (അമ്പതിനായിരം) രൂപവരെ വായ്പ ലഭിക്കും. ഒന്നിലധികം അപേക്ഷകർ ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതുമാണ്. എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ നിലവിൽ ഉണ്ടായിരിക്കണം. വ്യക്തിഗത വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കൂടാൻ പാടില്ല.

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കിക്കൊണ്ടിരിക്കുന്നവർക്കും 55 വയസ്സ് കഴിഞ്ഞ വിധവകൾക്കും ഭിന്നശേഷിക്കാർക്കും മുൻഗണന ലഭിക്കും.

 ‘വയോമിത്രം’ സേവനങ്ങൾ

  • 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മൊബൈല്‍ ക്ലിനിക്കും കൗണ്‍സലിങ്ങും വൈദ്യസഹായവും മരുന്നും സൗജന്യമായി നല്‍കുന്നു.
  • വയോജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നു
  • പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ
  • വയോജനങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികൾ
  • സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
  • ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു
  • ആവശ്യമുള്ള വയോജനങ്ങൾക്ക് പുനരധിവാസ സൗകര്യത്തിനുള്ള സഹായം നൽകുന്നു 
Tags:    
News Summary - Government Schemes for For the elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.