തിരുവനന്തപുരം: പൊലീസ് വെടിവെപ്പിൽ മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ല. അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്‍റെ മാത്രം ആവശ്യമാണ്. കേന്ദ്രത്തില്‍ നിന്നും ഫണ്ടും സൗകര്യങ്ങളും അവര്‍ക്ക് ലഭിക്കും. അതിന് വേണ്ടി ആളുകളെ ഇടക്കിടെ വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ല. ഈ നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന കൗൺസിലിലെ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കാനം.
വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണ്. മരിച്ച വേല്‍മുരുകന്‍റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു. നക്‌സലുകളുടെ ഉന്മൂലന സിദ്ധാന്തത്തോട് സി.പി.ഐക്ക് യോജിപ്പില്ല. അതേസമയം തീവ്ര രാഷ്ട്രീയം ഉള്ളതിനാൽ അവരെയെല്ലാം വെടിവെച്ചു കൊന്നുകളയാം എന്ന് ഭരണകൂടം തീരുമാനിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുതിരുമെന്നാണ് വിശ്വസിക്കുന്നത്. പൊലീസിന് എതിരാണെങ്കില്‍ അത് കോടതിയില്‍ എത്താറില്ല. മാവോയിസ്റ്റ് വേട്ടയില്‍ നിന്നും തണ്ടര്‍ ബോള്‍ട്ട് പിന്മാറണം. കേരളത്തിലെ എൽ.ഡി.എഫിന്‍റെ മിനിമം പരിപാടിയല്ല ആളുകളെ വെടിവെച്ചു കൊല്ലല്‍. ആളുകളെ വെടിവെച്ചു കൊല്ലുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകളും കാനം നിഷേധിച്ചു. സി.പി.ഐയില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യമാണ്. പുറത്തുവന്നത് പാര്‍ട്ടി കമ്മറ്റികളില്‍ നടക്കാത്ത കാര്യങ്ങളാണ്. പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ കൂടിയത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും വേണ്ടിയാണ്.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരില്‍ വന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. സ്റ്റേറ്റ് കൗണ്‍സിലില്‍ അങ്ങനെ ഒരു ചര്‍ച്ചയേ നടന്നിട്ടില്ല എന്നതാണ് വാസ്തവമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.