പിറവം: സംസ്ഥാന സർക്കാറിെൻറ ഫണ്ട് ലഭിക്കാത്തതുമൂലം കേരളത്തിലെ സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി പ്രതിസന്ധിയിൽ. സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാർത്തെടുക്കാൻ സംസ്ഥാന ഗവ. സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി.
2014ൽ എസ്.പി.സി പദ്ധതി നടപ്പാക്കിയ എയ്ഡഡ് സ്കൂളുകൾക്കാണ് സർക്കാർ ഫണ്ട് ലഭിക്കാത്തത്. ഇതിനുമുമ്പ് എസ്.പി.സി നടത്തുന്ന സ്കൂളുകൾക്കും 2014നുശേഷം അനുവദിക്കുന്ന ഗവണ്മെൻറ് സ്കൂളുകൾക്കും തടസ്സമില്ലാതെ ഫണ്ട് ലഭിക്കുമ്പോഴാണ് യൂനിഫോമിനോ ദൈനംദിന പരിശീലനത്തിനോ പണമില്ലാതെ 115 സ്കൂളിലെ കാഡറ്റുകളുടെ പരിശീലനം മുടങ്ങുന്നത്.
2014ൽ എയ്ഡഡ് സ്കൂളിൽ പദ്ധതി അനുവദിക്കുമ്പോൾ രണ്ടുവർഷത്തേക്ക് അഞ്ചുലക്ഷം രൂപ നിക്ഷേപിക്കാനും ആ പണം ഉപയോഗിച്ച് പദ്ധതി നടത്താനും തുടർന്ന് ഫണ്ട് അനുവദിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഏഴുവർഷം കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല.
ചില സ്കൂളിൽ മാനേജ്മെൻറ് പണം നൽകിയും ചിലയിടത്ത് പി.ടി.എ, എസ്.പി.സി ചുമതലക്കാരായ അധ്യാപകരും സഹപ്രവർത്തകരും സുമനസ്സുകളായ നാട്ടുകാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം രണ്ടരലക്ഷം രൂപ ഒരു വർഷം പദ്ധതിക്ക് വേണം. സ്കൂൾ അധികാരികളും പി.ടി.എയും ചുമതലക്കാരായ അധ്യാപകരും പണം കണ്ടെത്താൻ പെടാപ്പാട് പെടുകയാണ്.
പ്രത്യേകിച്ച്, കോവിഡ് സാഹചര്യത്തിൽ സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും മക്കൾ കൂടുതലായി പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ പണം കണ്ടെത്തുക വലിയ പ്രതിസന്ധി ആയതോടെ ആണ് പദ്ധതി നടത്തിപ്പ് വഴിമുട്ടിയത്.
എസ്.പി.സി കേന്ദ്ര ഗവണ്മെൻറ് ഏറ്റെടുക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുകയും കേന്ദ്ര ഗവണ്മെൻറ് ഫണ്ട് അനുവദിക്കുകയും ചെയ്യുമ്പോഴാണ് ഏഴുവർഷം നടത്തിവരുന്ന സ്കൂളുകളെ ശ്രദ്ധിക്കാതെ പോകുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒട്ടനവധി നിവേദനങ്ങൾ നൽകിയിട്ടും നിയമസഭയിൽ എം.എൽ.എമാർ വിഷയം ഉന്നയിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സെൽഫ് ഫണ്ടിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ യോഗം ചേർന്ന് ഫണ്ട് അനുവദിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഒരു കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.
കേരളത്തിലെ 115 സ്കൂളിൽനിന്ന് ബന്ധപ്പെട്ട എം.എൽ.എമാർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകാനും അതോടൊപ്പം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടും നിവേദനം നൽകാനുമുള്ള നീക്കത്തിലാണെന്ന് പ്രോഗ്രാം കോഓഡിനേറ്റർ അനൂബ് ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.