തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിന് കുടുംബ ബജറ്റ് സർവേയുമായി സർക്കാർ. സർവേ നടത്താൻ മന്ത്രിസഭ യോഗം അനുമതി നൽകി. സംസ്ഥാനത്ത് അവസാനമായി കുടുംബ ബജറ്റ് സർവേ നടത്തിയത് 2011-12ലാണ്. 1948ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഭോക്തൃ വിലസൂചിക തയാറാക്കാനാണ് സർവേ നടത്തുന്നത്.
10 വർഷത്തിലൊരിക്കൽ മിനിമം വേതനം പുതുക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കോവിഡ് വന്നതിനാൽ വൈകി. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുക. മിനിമം വേതനം പുതുക്കുന്നതിന് മുമ്പ് ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ മേഖലകളിലെ ഉപഭോക്തൃ വിലസൂചിക തയാറാക്കണം. സർവേക്കായി പ്രപ്പോസൽ സമർപ്പിക്കാൻ തൊഴിൽ വകുപ്പ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനോട് നിർദേശിച്ചിരുന്നു.
2011-12ലെ സർവേയുടെ അടിസ്ഥാനത്തിൽ 85 തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിയാണ് വിജ്ഞാപനമിറക്കിയത്. ഇത്തവണയിത് നൂറിൽ കൂടുതൽ തൊഴിൽ മേഖലകൾ വരും. 2023-24 അടിസ്ഥാന വർഷം കണക്കാക്കി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയാറാക്കി നൽകിയ കുടുംബ സർവേ പ്രപ്പോസലാണ് മന്ത്രിസഭ അംഗീകരിച്ചത്. സർവേ പൂർത്തിയാകാൻ ഒന്നര വർഷത്തോളമെടുക്കും. സർവേ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനമുള്ള സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപവത്കരിക്കും.
ഭക്ഷ്യ-പൊതുവിതരണം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങിയതായിരിക്കും റിവിഷൻ കമ്മിറ്റി. ഉന്നയിക്കേണ്ട ചോദ്യങ്ങൾ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയാറാക്കും. ഇതു പിന്നീട് മന്ത്രിസഭയുടെ അംഗകാരത്തിന് വരും. സർവേ പ്രവർത്തനങ്ങൾക്കായി ഡെപ്യൂട്ടി ഡയറക്ടര്‍ -ഒന്ന്, റിസര്‍ച് അസിസ്റ്റന്റ് -ഒന്ന്, എൽ.ഡി കമ്പയിലര്/ എൽ.ഡി ടൈപിസ്റ്റ് -രണ്ട് എന്നീ തസ്തികകൾ 18 മാസത്തേക്ക് സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പുനര്‍വിന്യാസം വഴി ഈ തസ്തികകളിലേക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.