തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ച് രജിസ്ട്രാർ പുറപ്പെടുവിച്ച വിജ്ഞാപനം ചാൻസലറായ ഗവർണർ റദ്ദാക്കി. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ പി.എസ്.സിയിലെ നിലവിലെ ലിസ്റ്റിൽനിന്നോ നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് സർവകലാശാല ജീവനക്കാരുടെ ഫെഡറേഷൻ പരാതി നൽകിയിരുന്നു.
പരാതിയി ൽ ഗവർണർ വി.സിയോട് വിശദീകരണം തേടി. തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് രജിസ്ട്രാർ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് വി.സി ഡോ. സിസ തോമസ് ഗവർണറെ അറിയിച്ചു. തുടർന്നാണ് വിജ്ഞാപനം തടയാൻ ഗവർണർ ഉത്തരവിട്ടത്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്താനും രജിസ്ട്രാർ കൃത്യവിലോപം കാട്ടിയിട്ടുണ്ടെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കാനും ഗവർണർ വി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സർവകലാശാലയിൽ 52 സ്ഥിരം ജീവനക്കാരും 91 താൽക്കാലിക ജീവനക്കാരുമാണുള്ളത്. താൽക്കാലിക ജീവനക്കാരെ സിൻഡിക്കേറ്റ് നേരിട്ടാണ് നിയമിച്ചത്. സ്ഥിരം തസ്തികകൾ സൃഷ്ടിച്ചാൽ നിയമനം പി.എസ്.സി വഴി നടത്തേണ്ടിവരുമെന്നതുകൊണ്ടാണ് താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതെന്നും ഒരു സിൻഡിക്കേറ്റ് മെംബറുടെ മണ്ഡലത്തിലുള്ളവരെയാണ് കൂട്ടത്തോടെ നിയമിച്ചതെന്നും വ്യക്തമായിരുന്നു.
ഈ ജീവനക്കാരെ കൊണ്ടുവരാനായി സർവകലാശാലയുടെ ഒരു ബസ് കാട്ടാക്കട റൂട്ടിൽ സ്ഥിരമായി ഓടിക്കുന്നതായും കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. അസിസ്റ്റന്‍റ്, കമ്പ്യൂട്ടർ അസിസ്റ്റൻറ്, പ്രോഗ്രാമർ, ഡ്രൈവർ, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ 91 പേരാണ് ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 16,000 രൂപമുതൽ 32,000 രൂപവരെ പ്രതിമാസ ശമ്പളത്തിലാണ് ഇവരെ നിയമിച്ചത്. പരീക്ഷ വിഭാഗത്തിലെ രഹസ്യ ജോലികളിൽപോലും താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നതെന്ന ആരോപണവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.