ഗവർണർ വിമർശനത്തിൽ മുസ്‍ലീം ലീഗിനു പച്ചക്കൊടിയുമായി പിണറായി

കോഴിക്കോട് : വൈസ് ചാൻസിലർമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ അഭിപ്രായത്തിൽ നിന്നുമാറി ഗവർണറുടെ സംഘപരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതികരിച്ച മുസ്‍ലീം ലീഗ് നിലപാടാണ് പിണറായിയുടെ പ്രശംസയ്ക്ക് ഇടയാക്കിയത്.

ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലിം ലീഗിന് കഴിയുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വിസിമാർ രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗിനെ പ്രശംസിച്ചത്.

സംഘപരിവാറിന് അഴിഞ്ഞാടാനുള്ള സ്ഥലമായി സർവകലാശാലകളെ മാറ്റാനാണ് ഗവർണറുടെ ശ്രമം. ഇത് മനസിലാക്കാൻ കഴിയുന്നവർ യു.ഡി.എഫിൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ഗവർണറുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുന്നതാണ് കണ്ടത്. എന്നാൽ ലീഗ് നേതാക്കൾ വേറിട്ട രീതിയിൽ പ്രതികരിക്കുന്നത് ഈ ആപത്ത് മുന്നിൽ കണ്ട് തന്നെയാണെന്നുമാണ്​ മുഖ്യമന്ത്രി പറഞ്ഞത്. ഈ പരാമർശമാണ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇത്, സാമൂഹിക മാധ്യമങ്ങളിലുൾ​പ്പെടെ ചർച്ചകൾക്കിടയാക്കുകയാണ്. ഇടതുമുന്നണിയുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ആക്ഷേപം.

കോണ്‍ഗ്രസ് നിലപാട് തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സി.പി.എം പ്രതീക്ഷ. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആർ.എസ്.എസ് നോമിനികളെ സര്‍വകലാശാല തലപ്പത്ത് കൊണ്ടുവരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സി.പി.എം പറയുന്നു. ​പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ഗവർണറുടെ ആർ.എസ്.എസ് ബന്ധത്തെ വിമർശിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഗവർണറുടെ കൈകളും ശുദ്ധമല്ലെന്നും തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 

Tags:    
News Summary - Governor controversy Chief Minister addresses Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.