തിരുവനന്തപുരം: ഗവർണർ -സർക്കാർ പോരിലേക്ക് വഴിതുറന്നത് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദേശം നിരസിച്ചതിനാലാണെന്ന് വ്യക്തമാകുന്നു. ചാൻസലർ സ്ഥാനം ഒഴിയാമെന്നും മുഖ്യമന്ത്രിക്ക് പദവി ഏറ്റെടുക്കാമെന്നും വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് ഡിസംബർ എട്ടിനാണ്. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദേശം നിരസിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഗവർണർക്ക് കത്ത് നൽകിയത് ഡിസംബർ ഏഴിനും.
ഡി.ലിറ്റ് നിർദേശം നിരസിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്ന് ചുരുക്കം. കാലടി സർവകലാശാല വി.സി നിയമനത്തിന് സർക്കാർ താൽപര്യപ്രകാരം സെർച് കമ്മിറ്റി അംഗം ഡോ.വി.കെ. രാമചന്ദ്രൻ ഒറ്റപ്പേരുമായി ഗവർണറെ സമീപിച്ചതും ഗവർണർ നിരസിച്ചതും ഡിസംബർ ആറിനായിരുന്നു. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനാകില്ലെന്ന് ഡിസംബർ ഏഴിന് മുമ്പുതന്നെ കേരള വി.സി ഗവർണറെ അറിയിച്ചിരുന്നെന്നാണ് സൂചന. എന്നാൽ, ഇത് രേഖാമൂലം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതോടെയാണ് ഡിസംബർ ഏഴിന് വി.സി കത്ത് നൽകിയത്.
നിയമവിരുദ്ധമെന്നറിഞ്ഞിട്ടും സർക്കാർ താൽപര്യപ്രകാരം കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർ ഉത്തരവിട്ടത് നവംബർ 23നാണ്. അന്ന് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദേശം നിരസിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ഡി.ലിറ്റ് നൽകാനാകില്ലെന്ന് കേരള സർവകലാശാലയിൽനിന്ന് വ്യക്തമായ സന്ദേശം ലഭിച്ചതോടെയാണ് കാലടി വി.സി നിയമനത്തിനുള്ള ശിപാർശ ഗവർണർ തള്ളിയതും തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്ക് നാല് പേജുള്ള കത്തയച്ചതും.
കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകിയത് സമ്മർദപ്രകാരമാണെന്ന് വ്യക്തമാക്കിയ ഗവർണർ പക്ഷേ, ഇതുസംബന്ധിച്ച ഹൈകോടതി കേസിലെ നോട്ടീസ് കൈപ്പറ്റില്ലെന്ന് പറയുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സർക്കാർ ഗവർണർക്കുമേൽ സമ്മർദം ചെലുത്തിയെന്നും പല കാര്യങ്ങളും അംഗീകരിച്ചെന്നും ഈ ധാരണ തെറ്റിയത് ഡി.ലിറ്റ് നിർദേശം തള്ളിയതോടെയാണെന്നും വ്യക്തമാക്കുന്നതാണ് കേരള വി.സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെയും കത്തുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.