തിരുവനന്തപുരം: അഴിമതി, കെടുകാര്യസ്ഥത എന്നിവയാരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ ശിശുക്ഷേമ സമിതിയുടെ രക്ഷാധികാരി സ്ഥാനമൊഴിഞ്ഞു. അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയതടക്കം വിവാദങ്ങളിൽ ശിശുക്ഷേമ സമിതി കുരുങ്ങിയിരുന്നു. ഇതടക്കം നിരവധി പരാതികൾ വന്നെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
സമിതിക്കെതിരെ ആക്ഷേപങ്ങളുയർന്നതോടെ രക്ഷാധികാരിയായിരിക്കുന്നതു നല്ലതല്ലെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഗവർണർക്ക് ശിപാർശ നൽകി. അതു പരിഗണിച്ചാണ് സ്ഥാനമൊഴിഞ്ഞത്. ക്രമക്കേടുകളിൽ അന്വേഷണമാവശ്യപെടുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, സ്ഥാനമൊഴിയുന്ന കത്ത് സർക്കാറിന് നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും മറുപടിയില്ല. സമിതി രേഖകളിൽനിന്നും വെബ്സൈറ്റിൽനിന്നും ഗവർണറുടെ പേര് നീക്കാത്തതിലെ അസന്തുഷ്ടി ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനെ രേഖാമൂലം അറിയിച്ചു. സമിതി പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനും വൈസ് പ്രസിഡന്റ് മന്ത്രി വീണാ ജോർജുമാണ്.
ആറു പതിറ്റാണ്ടിലേറെയായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വെക്കാനുള്ള ശ്രമമാണ് ഗവർണറുടേതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി. ഗവർണറുടെ ആരോപണങ്ങൾ തള്ളിയ അദ്ദേഹം ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്ത ഡൽഹി ആസ്ഥാനമായ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന് (ഐ.സി.സി.ഡബ്ല്യു) എതിരെയാണ് പരാതികൾ ഉയർന്നതെന്ന് ചൂണ്ടിക്കാട്ടി. ആഗസ്റ്റ് രണ്ടിനുചേർന്ന സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥിരംസമിതിയും സമിതി അധ്യക്ഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഭരണസമിതിയും കൗൺസിലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ആ സ്ഥാപനം മുഖേന ലഭിച്ച ഫണ്ടുകൾ തിരിച്ചേൽപ്പിച്ചു. നിലവിൽ കൗൺസിലുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും പരത്തി സമിതിക്കുള്ള സമൂഹത്തിന്റെ പിന്തുണയും സഹായങ്ങളും ഇല്ലാതാക്കാനുള്ള ശ്രമം കടുത്ത ശിശുദ്രോഹ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുടെ അഭ്യർഥന കണക്കിലെടുത്ത് സമിതി വെബ്സൈറ്റിൽനിന്ന് അദ്ദേഹത്തിന്റെ പേര് നീക്കിയതായി അരുൺഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.