തിരുവനന്തപുരം: തടഞ്ഞുവെച്ച എട്ട് ബില്ലുകളിൽ ഏഴും ഹരജി പരിഗണിക്കുന്നതിന്റെ തലേദിവസം രാഷ്ട്രപതിക്കയക്കാൻ തീരുമാനമെടുത്തിട്ടും സുപ്രീംകോടതിയിൽ ഗവർണർക്ക് തിരിച്ചടി. കോടതിയിൽനിന്ന് രൂക്ഷവിമർശനമേൽക്കേണ്ടി വന്നതോടെ ബില്ലുകൾ രണ്ടു വർഷത്തിലേറെയായി പിടിച്ചുവെച്ച ഗവർണറുടെ നടപടി ശരിയായിരുന്നില്ലെന്ന് വ്യക്തമായി.
രണ്ടു വര്‍ഷത്തോളം ഗവർണർ ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നെന്ന കോടതിയുടെ ചോദ്യം സർക്കാർ നിലപാട് ശരിവെക്കുന്നതുമായി. ഗവർണർ ഭരണഘടന ബാധ്യത നിർവഹിക്കാൻ തയാറാകുന്നില്ലെന്നായിരുന്നു ഇതുവരെ സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്ന വിമർശനം. സുപ്രീംകോടതി പരാമർശത്തോടെ സർക്കാർ നിലപാടിന് കൂടുതൽ ബലവും ലഭിച്ചു.
മന്ത്രിമാർ ഗവർണറെ കണ്ട് ബില്ലുകൾ സംബന്ധിച്ച് വിശദീകരിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി നേരിട്ട് വരണമെന്ന നിലപാടായിരുന്നു ഗവർണർ സ്വീകരിച്ചിരുന്നത്. ഇക്കാര്യവും സുപ്രീംകോടതി മുമ്പാകെ ചർച്ചയായി.
നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നങ്ങൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയാൽ തീരാവുന്നതേയുള്ളൂവെന്ന് അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗവർണർ പറയുന്നതെന്നായിരുന്നു കേരളത്തിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിക്ക് ഗവർണറെ കാണാൻ എന്തെങ്കിലും പ്രയാസം ഉണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽനിന്ന് ഇത്തരമൊരു ചോദ്യം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കാണാൻ തയാറാകുമോ എന്നതും നിർണായകമാണ്.
നിലവിൽ ഡിസംബർ 23 വരെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും നവകേരള സദസ്സുമായി ബന്ധപ്പെട്ട യാത്രയിലാണ്. കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുകയാണെങ്കിൽ ഡിസംബർ 23ന് ശേഷമേ അതിന് സാധ്യതയുള്ളൂ. ഏഴ് ബില്ലുകൾ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന വാദവും കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഏഴ് ബില്ലുകളിൽ മൂന്നെണ്ണം ഓർഡിനൻസായി പുറപ്പെടുവിച്ചപ്പോൾ ഗവർണർ ഒപ്പിട്ടതാണെന്ന വാദമാണ് കേരളം മുന്നോട്ടുവെച്ചത്. സുപ്രീംകോടതി പരാമർശത്തിന്റെ സാഹചര്യത്തിൽ സമീപകാലത്ത് നിയമസഭ പാസാക്കിയ ധനബില്ലിൽ ഉൾപ്പെടെ ഗവർണർക്ക് തീരുമാനം വൈകിപ്പിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.