തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ സർക്കാർ ഓർഡിനൻസ് ശിപാർശ ചെയ്തിരിക്കെ അതിൽ ഗവർണറുടെ നിലപാട് വൈകും. അടുത്ത പത്ത് ദിവസം ഗവർണർ കേരളത്തിലുണ്ടാകില്ല. ശനിയാഴ്ച ഡൽഹിക്ക് പോകുന്ന അദ്ദേഹം നവംബർ 20നാണ് മടങ്ങിയെത്തുക. ഇതിനുശേഷമേ ഗവർണർ നിലപാടെടുക്കാൻ സാധ്യതയുള്ളൂ. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് വെള്ളിയാഴ്ച വൈകുംവരെയും രാജ്ഭവനിലെത്തിയില്ല. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പരിശോധനയും അംഗീകാരവും പൂർത്തിയാകാത്തതിനാലാണ് വൈകിയത്. ഉടൻ രാജ്ഭവന് കൈമാറുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ശനി, ഞായർ ദിവസങ്ങളിൽ അവധിയാണ്.
നവംബർ 15ന് ഇടത് മുന്നണി ഗവർണർക്കെതിരെ രാജ്ഭവൻ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം ഗവർണർ തലസ്ഥാനത്ത് ഉണ്ടാകില്ല. അതേസമയം ഓർഡിനൻസ് രാഷ്ട്രപതിക്കയക്കുമെന്ന് ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഡിസംബർ ആദ്യം നിയമസഭ ചേരാനാണ് സർക്കാർ ധാരണ. അടുത്ത മന്ത്രിസഭ യോഗം മിക്കവാറും നിയമസഭ വിളിച്ചുചേർക്കാൻ ശിപാർശ നൽകും. ഓർഡിനൻസ് ഗവർണർ ഒപ്പിടുന്നത് നീട്ടിയാലും രാഷ്ട്രപതിക്ക് വിട്ടാലും ബിൽ നിയമസഭയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. ഇതിനായി കൂടിയാലോചനകൾ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.