വെറ്ററിനറി വി.സിക്കെതിരെയും ഗവർണർ നടപടിക്ക്; കാരണം കാണിക്കൽ നോട്ടീസ് നൽകും

തിരുവനന്തപുരം: യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പാലിച്ചില്ലെന്ന് വ്യക്തമായ വെറ്ററിനറി സർവകലാശാല വി.സി നിയമനത്തിലും രാജ്ഭവൻ നടപടിയിലേക്ക്. 10 വൈസ്ചാൻസലർമാർക്ക് നൽകിയ രീതിയിൽ വെറ്ററിനറി സർവകലാശാല വി.സി ഡോ.എം.ആർ. ശശീന്ദ്രനും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് സൂചന. വി.സി സ്ഥാനത്ത് തുടരാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് നൽകുക.

സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതെയാണ് വെറ്ററിനറി സർവകലാശാല വി.സിയായി ഡോ. ശശീന്ദ്രനെ നിയമിച്ചത്. കഴിഞ്ഞ ദിവസം ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്‍റെ നിയമനം റദ്ദാക്കാൻ ഹൈകോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന് സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലെന്നതായിരുന്നു.

ഇതേ പ്രശ്നം 2019 ജൂലൈയിൽ നടത്തിയ വെറ്ററിനറി വി.സി നിയമനത്തിലുമുണ്ട്. ഇതോടെയാണ് രാജ്ഭവൻ നടപടിയിലേക്ക് നീങ്ങുന്നത്. യു.ജി.സി പ്രതിനിധിക്കു പകരം ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയക്ടറെയാണ് സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ചാൻസലറുടെ പ്രതിനിധിയായി സെർച് കമ്മിറ്റിയിലേക്ക് നിയോഗിച്ചത് കാർഷിക സർവകലാശാലയുടെ അന്നത്തെ വി.സിയെയാണ്. വെറ്ററിനറി സർവകലാശാലയുടെ മാതൃസർവകലാശാലയായി കാർഷിക സർവകലാശാല ഇപ്പോഴും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ വി.സിയെ സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

Tags:    
News Summary - Governor to take action against Veterinary VC; A show cause notice will be issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.