തിരുവനന്തപുരം: ഗവർണർക്ക് സുരക്ഷയൊരുക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ ചോർത്തിയത് രഹസ്യാന്വേഷണ വിഭാഗത്തിലെ സംഘടന നേതാക്കളെന്ന് ആക്ഷേപം. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനവും ഞായറാഴ്ച പൊലീസിനുണ്ടായ വീഴ്ചയും കണക്കിലെടുത്ത് സുരക്ഷ കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വയർലെസിലൂടെ ഗവർണറുടെ റൂട്ട് ക്ലിയറൻസ് ഒഴിവാക്കണമെന്ന ഇന്റലിജൻസ് നിർദേശം ചോർത്തിക്കൊടുത്തതാണ് രണ്ടിടത്ത് പ്രതിഷേധിക്കാൻ എസ്.എഫ്.ഐക്ക് അവസരമൊരുക്കിയത്. മൊബൈൽ ഫോൺ വഴിയായിരുന്നു ഗവർണറുടെ റൂട്ട് നിയന്ത്രിച്ചത്. ഈ വിവരം എസ്.എഫ്.ഐ പ്രവർത്തകർക്ക് ചോർത്തിയത് രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഉന്നതരാണെന്നത് കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സേനക്കുള്ളിൽ ആവശ്യമുയർന്നു.
കഴിഞ്ഞദിവസം തൈക്കാട് സ്വകാര്യ ഹോട്ടലിലെത്തിയ ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടും പൊലീസ് എസ്.എഫ്.ഐക്ക് ചോർത്തിക്കൊടുത്തിരുന്നു. ഇസഡ് കാറ്റഗറിവേണ്ടതായ ഗവർണറുടെ സുരക്ഷയിൽ തുടർച്ചയായ വീഴ്ചയുണ്ടായതോടെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തരവകുപ്പിനുനേരെയാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.