തിരുവനന്തപുരം: ഭരണപക്ഷ സംഘടനാനേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കസേരയുറപ്പിക്കാൻ ഗവ. കോളജ് പ്രിൻസിപ്പൽ നിയമനത്തിന് യു.ജി.സി ചട്ടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വെള്ളം ചേർക്കുന്നു.
സർക്കാർ വിജ്ഞാപനമിറക്കി തയാറാക്കിയ പട്ടിക മാറ്റിവെച്ച് സംഘടന താൽപര്യപ്രകാരം സീനിയോറിറ്റി പ്രകാരം താൽക്കാലിക നിയമനത്തിനാണ് ശ്രമം. 2018ലെ ഏഴാം യു.ജി.സി െറഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനം ഒാപൺ തസ്തികയാക്കി, സീനിയോറിറ്റിക്ക് പകരം ഉയർന്ന അക്കാദമിക യോഗ്യത നിശ്ചയിച്ചിരുന്നു.
നിലവിലെ പിഎച്ച്.ഡി, 15 വർഷത്തെ അധ്യാപന സർവിസ് എന്നിവക്ക് പുറമെ യു.ജി.സി അംഗീകൃത ജേണലുകളിൽ ചുരുങ്ങിയത് 10 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 110 ഗവേഷണ സ്കോർ വേണമെന്നുമാണ് പുതുക്കിയ യോഗ്യത.
ഇതു പ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം ഇറക്കി സർക്കാർ കോളജ് അധ്യാപകരിൽനിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. നിലവിൽ 44 കോളജുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിവുണ്ട്.
അപേക്ഷിച്ചവരിൽ 35 പേർക്ക് യു.ജി.സി യോഗ്യതയുണ്ടെന്ന് കണ്ട് പട്ടിക തയാറാക്കി. ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റി അംഗീകാരം നൽകിയാൽ പട്ടികയിൽനിന്ന് നിയമനം നടത്താം.
എന്നാൽ സമ്മർദത്തെ തുടർന്ന് പട്ടിക മാറ്റിവെച്ച് പഴയ യോഗ്യതയിൽ താൽക്കാലിക നിയമന നീക്കമാണ് നടക്കുന്നത്. ഇതിനായി പഴയ യോഗ്യതപ്രകാരം അർഹരായവരുടെ രഹസ്യറിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ കോളജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
കോളജ് അധ്യാപക നിയമനങ്ങൾക്ക് 2018ലെ യു.ജി.സിയുടെ ഏഴാം െറഗുലേഷൻ ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് സർവകലാശാല സിൻഡിക്കേറ്റുകൾ അംഗീകരിച്ചിട്ടുണ്ട്.
എയ്ഡഡ് കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ ഉൾപ്പെടെ ഇത് നടപ്പാക്കുേമ്പാഴാണ് സർക്കാർ കോളജുകളിൽ അട്ടിമറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.