വിജയ്​ ബാബുവിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ സിംഗ്ൾബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി ഉത്തരവിനെതിരെ എറണാകുളം ടൗൺ സൗത്ത് പൊലീസും സുപ്രീംകോടതിയിലെത്തി.

ഏപ്രിൽ 17ന്​ യുവ നടി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ വിജയ് ബാബു ദുബൈയിലേക്കു പോയെന്ന് സർക്കാർ ഹരജിയിൽ ബോധിപ്പിച്ചു. തന്നെ കണ്ടെത്താൻ നോട്ടീസ് ഇറക്കിയതറിഞ്ഞ് വിജയ് ബാബു ജോർജിയയിലേക്ക് മാറി. ഇന്ത്യയുമായി പ്രതികളെ കൈമാറാൻ കരാർ ഒപ്പിട്ടിട്ടില്ലാത്ത രാജ്യമായതിനാലാണ് ജോർജിയയിലേക്ക് കടന്നത്. പിന്നീട് വിജയ് ബാബുവിന്‍റെ പാസ്‌പോർട്ട് റദ്ദാക്കി. ദുബൈയിൽനിന്നാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിദേശത്തുള്ള പ്രതികൾക്ക് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു ഹൈകോടതി തന്നെ നേരത്തെ ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനിൽക്കെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലെ വാദം.

പീഡനത്തിനിരയായ യുവനടിയെയും ഹരജിയിൽ കക്ഷിചേർത്തിട്ടുണ്ട്. പ്രതി പീഡിപ്പിച്ചെന്നും ശാരീരികമായി ആക്രമിച്ചു പരിക്കേൽപിച്ചെന്നുമാണ് നടിയുടെ പരാതി. എന്നാൽ, വിജയ് ബാബു വിവാഹിതനാണെന്ന് നടിക്ക് അറിയാമായിരുന്നെന്നും അതു നിലനിൽക്കെ മറ്റൊരു വിവാഹത്തിന് സാധുത ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ ഹൈകോടതി വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ ഇത്തരമൊരു നിഗമനത്തിന് ഒരു പ്രാധാന്യവുമില്ലെന്നും പീഡനം നടന്നെന്നു പറയുന്ന കാലയളവിൽ നടി തടവിലായിരുന്നില്ലെന്നും വിധിയിലുണ്ട്​. എന്നാൽ, ഇര തടവിലാണെങ്കിലേ ലൈംഗികാതിക്രമം സാദ്ധ്യമാകൂ എന്ന ഹൈകോടതിയുടെ നിഗമനം അപ്പീൽ ചോദ്യം ചെയ്തു. പ്രസക്തമല്ലാത്ത വിലയിരുത്തലുകളിലൂടെയാണ്​ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതെന്ന്​ അപ്പീൽ കുറ്റപ്പെടുത്തി.

Tags:    
News Summary - Govt moves Supreme Court to cancel Vijay Babu's bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.