കുണ്ടറ: മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽെക്ക പി.സി. വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
തിങ്കളാഴ്ച പുലർച്ച ഒന്നിനാണ് കുണ്ടറ മുക്കടയിൽ പ്രതിഷേധപ്രകടനം നടന്നത്. കല്ലട രമേശ് വിമതനായി മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതാണ് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടക്കം കുറിച്ച പ്രകടനത്തിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹികളും പ്രസിഡൻറുമാരും ഡി.സി.സി അംഗങ്ങളും പങ്കെടുത്തു. നിരവധി പ്രവർത്തകരും നേതാക്കളും രാജിവെക്കാനും ആലോചിക്കുന്നുണ്ട്. കുണ്ടറയുടെ വിവിധ ഭാഗങ്ങളിൽ പി.സി. വിഷ്ണുനാഥിന് വേണ്ടി ചുവരെഴുത്തും നടത്തി.
കൊല്ലം: കുണ്ടറയിൽ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫിസിന് മുകളിൽ കയറി പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡൻറ് നാസിമുദ്ദീൻ ലബ്ബ, കുണ്ടറ ബ്ലോക്ക് പ്രസിഡൻറ് ബാബുരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എൽ.ഡി.എഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിഅമ്മക്കെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്നും പി.സി. വിഷ്ണുനാഥിനെ കളത്തിലിറക്കണമെന്നുമായിരുന്നു ആവശ്യം.
നേതാക്കൾ ബിന്ദുകൃഷ്ണയുമായി ഓഫിസിനുള്ളിൽ ചർച്ച നടത്തുമ്പോഴാണ് ഒരുവിഭാഗം പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ കയറിയത്. വിഷയം ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് ഉറപ്പ് നൽകിയതോടെയാണ് പ്രവർത്തകർ താഴെയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.