കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 18 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഫലമറിഞ്ഞ 18 സീറ്റുകളിൽ 10 എണ്ണം എൽ.ഡി.എഫും ഏഴെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും നേടി.
കാസർകോട് ബി.ജെ.പി സിറ്റിങ് സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. കാസർകോട് കടപ്പുറം വാർഡാണ് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് തിരിച്ചുപിടിച്ചത്. 79 വോട്ടിനാണ് കോൺഗ്രസിലെ രഹ്ന വിജയിച്ചത്. ബി.ജെ.പി കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞെടുപ്പ്.
തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ ഉരൂട്ടമ്പലം വാർഡിൽ എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. 22 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥിയെ ബി.ജെ.പിയുടെ ശ്രീമിഥുൻ തോൽപിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ മാറനല്ലൂർ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിക്കും കക്ഷി ഒമ്പത് സീറ്റുമായി ബി.ജെ.പി വലിയ ഒറ്റ കക്ഷിയായി.
തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എസ് നൈനാന്‍ വിജയിച്ചു. 61 വോട്ടുകള്‍ക്കാണ് വിജയം. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി ആയി മത്സരിച്ച് ജയിച്ച ജോര്‍ജ്കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കോട്ടയത്ത് ഉദയനാപുരത്തും കല്ലറയിലും എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. പാമ്പാടിയിൽ കോൺഗ്രസ് വിമതനിൽ നിന്നും സീറ്റ് സി.പി.എം പിടിച്ചെടുത്തു. ഇവിടെ സി.പി.ഐ സ്ഥാനാർഥിയെ നിർത്തിയെങ്കിലും 15 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷൻ ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ശ്രീകല 147 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ശ്രീകല 3058ഉം യു.ഡി.എഫിലെ ബിന്ദു ഷാജി 2911 ഉം എൻ.ഡി.ഐയിലെ അനീഷ 487ഉം വോട്ടുകൾ നേടി. യു.ഡി.എഫ് സിറ്റിങ് അംഗം റീനക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട് ഫറോക്ക് നഗരസഭ ഏഴാം വാർഡ് കോട്ടപ്പാടത്ത് യു.ഡി.എഫിലെ ഇ.കെ താഹിറ വിജയിച്ചു. 156 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി. സർഫിനയെ പരാജയപ്പെടുത്തിയത്. സർഫീനക്ക് 371 വോട്ടും ബി.ജെ.പി സ്ഥാനാർഥി നിഷ വിശ്വനാഥന് 21 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് 40 വോട്ട് ലഭിച്ചിരുന്നു.
കണ്ണൂർ പയ്യാവൂർ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു. ഒമ്പതാം വാർഡ് ചമതച്ചാലിൽ യു.ഡി.എഫിലെ ജയൻ മല്ലിശ്ശേരിയാണ് വിജയിച്ചത്. ഇ.കെ മോഹനനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പയ്യാവൂരില്‍ പഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ പൊക്കിളി കുഞ്ഞിരാമന്‍റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം എടക്കര പള്ളിപ്പടി വാർഡിൽ എൽ.ഡി.എഫിലെ എൻ.കെ ചന്ദ്രൻ ആറ് വോട്ടിന് വിജയിച്ചു. നിലവിലെ കോണ്‍ഗ്രസ് അംഗം എ. മനുവിന് സര്‍ക്കാര്‍ ജോലി കിട്ടയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മലപ്പുറം മൂര്‍ക്കനാട്- കൊളത്തൂര്‍ പലകപ്പറമ്പ് വാര്‍ഡില്‍ യു.ഡി.എഫ് സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. 132 വോട്ടുകൾക്ക് മുസ് ലിം ലീഗ് സ്ഥാനാര്‍ഥി കെ.പി ഹംസയാണ് വിജയിച്ചത്. ലീഗ് അംഗം പുലാക്കല്‍ ബഷീര്‍ വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം തലക്കാട് കാരയില്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. 77 വോട്ടിന് കെ, നൂര്‍ജഹനാണ് വിജയിച്ചത്. ലീഗിലെ കെ. ഹസീന രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വാർഡ് രൂപീകൃതമായ കാലം മുതല്‍ തുടർച്ചയായി ലീഗ് വിജയിക്കുന്ന സീറ്റാണിത്.
തൃശൂര്‍ മാള-പതിയാരി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.സി രഘുനാഥ് 221 വോട്ടിന് വിജയിച്ചു. സി.പി.എമ്മിലെ എം.എസ് ഷെയ്ഖ് ബാബുവിന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ എബിന്‍ ബാബു 107 വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫ് സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോബിച്ചന്‍ തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പാലക്കാട് കൊടുവായൂര്‍ പഞ്ചായത്തിലെ ചാന്തിരുത്തി മൂന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എം പത്മാ കൃഷ്ണന്‍ 221 വോട്ടുകൾക്ക് വിജയിച്ചു. നിലവിലെ പഞ്ചായത്തംഗമായിരുന്ന സി.കെ മോഹന്‍ദാസിന്‍റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മോഹന്‍ദാസിന്‍റെ മകനാണ് വിജയിച്ച സി.എം പത്മകൃഷ്ണന്‍.
കണ്ണൂർ തലശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മടം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി പി. സീമ 2249 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി.പി.എമ്മിലെ പ്രൊഫ. കെ രവീന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കല്ലുമുക്കില്‍ എല്‍.ഡി.എഫ് സ്വതന്ത്ര ഷീന 172 വോട്ടിന് വിജയിച്ചു. എല്‍.ഡി.എഫ് സ്വതന്ത്ര അംഗം ശാന്തിനി മത്തായി സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ അംഗത്വം രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.