മതിയായ ജീവനക്കാരില്ല; ഗ്രാമീൺ ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്

കണ്ണൂർ: കേരള ഗ്രാമീൺ ബാങ്കിൽ സംസ്ഥാനത്തുടനീളം ഒഴിവുകളുള്ള തസ്തികകളിൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സംയുക്ത യൂനിയൻ സമരത്തിലേക്ക്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജൂലൈ 25ന് ഏകദിന പണിമുടക്ക് സംഘടിപ്പിക്കുമെന്ന് കേരള ഗ്രാമീൺ ബാങ്ക് ജോയന്‍റ് ഫോറം യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

തിങ്കളാഴ്ച ബാങ്കിന്‍റെ സംസ്ഥാനത്തെ എല്ലാ ശാഖകളും അടഞ്ഞുകിടക്കും. പണിമുടക്കിന്‍റെ ഭാഗമായി തൊഴിലാളികളുടെ നേതൃത്വത്തിൽ അന്നേ ദിവസം റീജനൽ, ഹെഡ് ഓഫിസുകളുടെ മുന്നിൽ പ്രകടനം നടത്തും. സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചുകളിലുമായി 6000ത്തിൽപരം ജീവനക്കാർ വേണ്ടിടത്ത് 3200 പേരാണ് ഇപ്പോഴുള്ളത്. 880 ഒഴിവുകളുള്ള ക്ലറിക്കൽ തസ്തികയിൽ 61 പേരെ മാത്രമാണ് നിയമിച്ചത്. 1035 ഒഴിവുകളുള്ള ഓഫിസേഴ്സ് തസ്തികകളിൽ 100 സ്ഥിരം നിയമനമാണ് നടന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 233 ശതമാനം ബിസിനസ് വർധനവുണ്ടായിട്ടും പകുതി തസ്തികകളിൽ പോലും സ്ഥിരം നിയമനം നടത്താൻ മാനേജ്മെന്‍റ് തയാറാകുന്നില്ലെന്ന് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ പറഞ്ഞു.

വിഷയത്തിൽ 2021 ഡിസംബർ 29 മുതൽ തൊഴിലാളികൾ നിസ്സഹകരണ സമരം നടത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ ചർച്ചയിൽ ആവശ്യത്തിന് നിയമനം നടത്താമെന്ന് മാനേജ്മെന്‍റ് ഉറപ്പു നൽകിയെങ്കിലും കരാർ ലംഘിക്കുകയായിരുന്നു. തുടർന്നാണ് ഏകദിന പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജൂലൈ 27ന് യോഗം ചേർന്ന് കൂടുതൽ സമര പരിപാടികൾക്ക് രൂപംനൽകുമെന്നും യൂനിയൻ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Grameen Bank employees go on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.